സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തുടക്കം; സല്‍മാന്‍ ഫാറൂഖിന് ആദ്യ സ്വര്‍ണം

Posted on: October 26, 2018 9:07 am | Last updated: October 26, 2018 at 10:24 am

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം ജില്ലയുടെ സല്‍മാന്‍ ഫാറൂഖിനാണ് ആദ്യ സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് സ്വര്‍ണമണിഞ്ഞത്. എറണാകുളം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് വെള്ളിയും കണ്ണൂര്‍ സിഎച്ച്എംഎച്ച്എസ്എസ് എളയാവൂരിലെ വിഷ്ണു ബിജു വെങ്കലവും സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പാറ ഹോളി ഫാമിലി എച്ച എസ് വിദ്യാര്‍ഥിനി സനികയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിയും സ്വര്‍ണം നേടി.

നഗരത്തിലെ യൂനിവേഴ്‌സിറ്റി സ്റ്റേഡിയമാണ് മേളയുടെ മുഖ്യ വേദി. 1700ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. 96 ഇനങ്ങളിലാണ് മത്സരം.
ഇന്ന് 31 ഫൈനലുകള്‍ നടക്കും. കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉദ്ഘാടനം, സമാപന സമ്മേളനങ്ങള്‍ ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മികച്ച സ്‌കൂളുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, പ്രൈസ് മണി, മെഡലുകള്‍, ട്രോഫികള്‍ എന്നിവയും ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങള്‍, മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും. ഒപ്പം ഓവറോള്‍ ട്രോഫിയുടെ കൈമാറ്റവും നടക്കും.
മുന്‍ വര്‍ഷങ്ങളില്‍ നാല് ദിവസങ്ങളിലായി നടന്നിരുന്ന മത്സരങ്ങള്‍ മൂന്ന് ദിവസങ്ങളിലായാണ് ഈ വര്‍ഷം നടത്തുന്നത്. ഓരോ ജില്ലയില്‍ നിന്നും ഒരിനത്തില്‍ മൂന്ന് പേര്‍ക്ക് എന്‍ട്രി നല്‍കിയിരുന്നത് ഈ വര്‍ഷം രണ്ടായി കുറച്ചു.
കഴിഞ്ഞ വര്‍ഷം 95 ഇനങ്ങളിലായിരുന്നു മത്സരങ്ങളെങ്കില്‍ ഇത്തവണ അത് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 96 ആക്കി. അണ്ടര്‍ 19 പെണ്‍വിഭാഗം 5000 മീറ്റര്‍ ഓട്ടം ഒഴിവാക്കി, അണ്ടര്‍ 17 ആണ്‍, പെണ്‍വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

നിലവിലെ ചാമ്പ്യന്മാരായ എറണാകുളവും രണ്ടാംസ്ഥാനക്കാരായ പാലക്കാടും കിരീടത്തിനായി കച്ചമുറുക്കിത്തന്നെയാണ് ഇറങ്ങുന്നത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ആണ് നിലവിലെ ജേതാക്കള്‍. കഴിഞ്ഞ തവണ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിന്റെ കുതിപ്പിന് മുന്നില്‍ മൂന്നാംസ്ഥാനത്തായിപ്പോയതിന്റെ കണക്കു തീര്‍ക്കാനുറച്ചാണ് കോതമംഗലം സെന്റ് ജോര്‍ജ് എത്തുന്നത്. പറളി എച്ച് എസ് എസ്, കല്ലടി എച്ച് എസ് കുമരംപുത്തൂര്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ നിന്നുള്ള താരങ്ങള്‍ കൂടി പോരിനിറങ്ങുന്നതോടെ ട്രാക്കില്‍ തീപാറും.