വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ കളി മതിയാക്കി

Posted on: October 25, 2018 3:27 pm | Last updated: October 25, 2018 at 3:29 pm

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 35 കാരനായ ബ്രാവോ 2016 സെപ്തംബറിലാണ് വെസ്റ്റിന്‍ഡീസ് ജേഴ്‌സിയില്‍ അവസാനമായി കളിക്കാനിറങ്ങിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ട്വന്റി20 ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചു.

66 ട്വന്റി20 മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചു. 25.36 ശരാശരിയില്‍ 1142 റണ്‍സ് നേടി. നാല് അര്‍ധ സെഞ്ചുറികളും 52 വിക്കറ്റും ട്വന്റി20യിലെ നേട്ടങ്ങളില്‍ പെടുന്നു. 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 164 ഏകദിനങ്ങളില്‍ നിന്ന് 25.36 ശരാശരിയില്‍ 2968 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 199 വിക്കറ്റും വീഴ്ത്തി. 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും 86 വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 113 റണ്‍സാണ്.

2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് നേടിയപ്പോള്‍ ബ്രാവോയുടെ പ്രകടനം നിര്‍ണയകമായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ശീത സമരത്തെ തുടര്‍ന്ന് ബ്രാവോയെ പല പരമ്പരകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. 2004ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ബ്രാവോയുടെ അവസാന മത്സരം 2016ല്‍ അബുദാബിയില്‍ പാക്കിസ്ഥാനെതിരായായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ബ്രാവോ.