Connect with us

Prathivaram

ഫ്യൂണറല്‍

Published

|

Last Updated

ഭൂമി പറഞ്ഞു: എനിക്ക് ദാഹിക്കുന്നു. ഉള്‍ത്തടങ്ങള്‍ മരുഭൂമിയായി മാറുമ്പോള്‍ പ്രകൃതി എനിക്കായി പൊഴിക്കുന്ന മഴത്തുള്ളികള്‍ മരീചികയാക്കി മാറ്റിയ നിങ്ങള്‍ എന്തിനാണെന്നിലെ അവശേഷിക്കുന്ന നീരും ഊറ്റിയെടുക്കാന്‍ ദേഹം തുരക്കുന്നത്..!

ഭൂമിയില്‍
അത് ഒടുവിലത്തെ പക്ഷിയായിരുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എങ്ങോട്ടു പോവണമെന്നറിയാതെ നെഞ്ചുരുകുന്ന പക്ഷി, മരം മുറിഞ്ഞുവീണപ്പോള്‍ ദൂരേക്കു പറന്നു. ആ ചിറകൊച്ചകളാല്‍, വൃക്ഷരോദനത്താല്‍, പക്ഷിക്കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത തേങ്ങലാല്‍ അയാള്‍ കണ്ണുതുറന്നു; നീണ്ട വര്‍ഷങ്ങളുടെ അബോധാവസ്ഥയില്‍ നിന്ന്. മുറിയില്‍ അപരിചിതനെപ്പോലെ കണ്ണോടിച്ചു.
ചുവരിലെ ഘടികാരമെവിടെ..? ആ ശരറാന്തല്‍..! ഛായാചിത്രങ്ങള്‍..! കട്ടിലിനടിയില്‍ വച്ചിരുന്ന കൊത്തുപണികളാല്‍ മനോഹരമാക്കിയ ഊന്നുവടിക്കായി തപ്പി മടുത്ത അയാള്‍ എഴുന്നേറ്റിരുന്നപ്പോള്‍ വീട് ഉറക്കത്തെ പുണരുകയായിരുന്നു. മൂക്കിലൂടെ ഇറക്കിയ, ലിംഗത്തില്‍ പിടിപ്പിച്ച പ്ലാസ്റ്റിക് ട്യൂബുകള്‍ വലിച്ചെടുത്ത്, വെള്ളം നിറച്ച പ്ലാസ്റ്റിക് കിടക്കയില്‍ നിന്ന് താഴേക്കിറങ്ങിയപ്പോള്‍ തളര്‍ന്നുപോയ ശരീരത്തില്‍ പുതുതുടിപ്പുകളുയരുന്നു.
ഇടനാഴിയുടെ ഇരുട്ടിലൂടെ നീങ്ങുമ്പോള്‍ സംസാരം കേള്‍ക്കാതിരുന്നില്ല. മുറിയുടെ വാതില്‍ക്കല്‍ നിന്നു. “തറവാട് കിട്ട്യേത് ഒര് വിധത്തില്‍ ഭാഗ്യായി. പഴയ സാധനങ്ങള്‍ക്ക് ഇത്ര വെല കിട്ടുംന്ന് ഞാനൊരിക്കലും കര്തീല.””
“ശിവേട്ടാ, നാളെ അവര് വരുമ്പോള്‍ പഴയ ജീവനുള്ള അവയവങ്ങളെടുക്കോന്ന് ചോദിക്കണം. ജീവച്ഛവമായി കിടക്ക്ണ ആ ശരീരത്തില്‍ വിലപിടിപ്പുള്ള അവയവങ്ങളുണ്ട്.””
“അച്ഛന്‍…!””
“ഓ… ഒര് പിതൃസ്‌നേഹം…”
കോലായയിലേക്കുള്ള വാതില്‍ കാറ്റില്‍ തുറന്നു. അകത്തേക്കിരച്ചുവന്ന ഘോരശബ്ദത്തിലൂടെ അയാള്‍ പുറത്തേക്കു നടന്നു.
മുറ്റം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. ഒരു തരി മണ്ണിനായി കണ്ണോടിച്ചു മുന്നോട്ടു നടന്നപ്പോള്‍ മതിലില്‍ ചെന്നിടിച്ചു. മുകളിലേക്ക് നോക്കിയപ്പോള്‍ മതിലിനപ്പുറത്ത് ഇരുനില മാളിക. തുറന്നുവച്ച ജനാലയ്ക്കരികില്‍ രണ്ടിരുണ്ട രൂപങ്ങള്‍.
“എടീ, കിണറിനു മുകളില്‍ സ്ലാബിട്ടിട്ടാ നിന്റെ അനിയന്‍ പുതിയ കുളിമുറി കെട്ട്യേത്…””
“നമുക്ക് നമ്മുടെ കാര്യം നോക്കാം…””
“നമ്മളെ കാര്യം തന്നെയാ പറേണത്. നമ്മളെ കിണറിന് മുകളിലും സ്ലാബിട്ടാല്‍ ഡൈനിംഗ് റൂമൊന്ന് വലുതാക്കാം.””
അവരെ നോക്കിനില്‍ക്കുന്ന അയാള്‍ മകളുടെ പേര്‍ വിളിച്ചു.
“മക്കളേ… അരുത്… അരുത്… കിണറുകളെ…””
അതൊന്നും കേള്‍ക്കാതെ അവര്‍ സംസാരം തുടരുമ്പോള്‍ അയാള്‍ തലയാട്ടിക്കൊണ്ട് നിരാശയോടെ നടന്നു.
അയാളുടെ മനസ്സിലപ്പോഴേക്കും പടിഞ്ഞാറുഭാഗത്തെ നെല്ലിമരമാടിയുലയാന്‍ തുടങ്ങി. നെല്ലിക്ക പറിക്കാന്‍ കുട്ടികള്‍ പുലരുമ്പോള്‍ തൊടിയിലെത്തും. അവര്‍ കൊമ്പുകള്‍ കുലുക്കുമ്പോള്‍ നെല്ലിക്കകള്‍ തുരുതുരാ വീഴും. കുറേ തിരഞ്ഞു. നെല്ലിമരം കണ്ടില്ല. അവിടെ മറ്റൊരു വീടിന്റെ ചുവരാണെന്നു തിരിച്ചറിഞ്ഞ അയാള്‍ വരിവരിയായ് നീങ്ങുന്ന ഉറുമ്പുകള്‍ക്കു പിറകെ നടന്നു ദ്വാരത്തിനരികില്‍ ചെവിവെച്ചു.
“ഡാഡീ, നാളെ പണിക്കാര് വര്മ്പള് നെല്ലിമരത്തിന്റെ കാണ്ഡം വേരുകള്‍ നഷ്ടപ്പെടാതെ പറിച്ചുതരാന്‍ പറയണം. പെയിന്റടിച്ചു ഭംഗിയാക്കി സിറ്റൗട്ടില്‍ വെക്കാം..””
അയാളുടെ ശരീരം ചുവരിലമര്‍ന്നു. വരണ്ടുണങ്ങിയ പുഴയിലെ മീനിനെപ്പോലെ പിടയുന്ന കൈകളുമായി ചുവരിലേക്കു മുഖം ചേര്‍ത്തുനീങ്ങുന്ന അയാള്‍ ഉയരം കുറഞ്ഞ മതിലിനരികിലെത്തിയപ്പോള്‍ ബഹളം കേട്ടു. കൈപ്പടം കണ്ണിന് മുകളില്‍ വെച്ചു നോക്കിയപ്പോള്‍ തിരിച്ചറിഞ്ഞ മൂന്നാമത്തെ മകനെ കൈകാട്ടി വിളിച്ചിട്ടും അവന്‍ പണിക്കാരെ ശകാരിക്കുക തന്നെയാണ്.
“പണം എന്റെതാണ്. ഞാന്‍ പറേണത് കേട്ടാ മതി.””
“സാര്‍, തണ്ണി കണ്ടിട്ടും പിന്നേം കൊറേ താഴ്ത്തി…””
“പോരാ, വേനലായാല്‍ വറ്റാതിരിക്കാന്‍ ഇനിയും താഴ്ത്തണം.””
അവര്‍ വണ്ടിയുടെ അരികിലൂടെ നടന്നു. ഘോരശബ്ദം വീണ്ടുമുയര്‍ന്നു. കുഴല്‍ കിണറില്‍ നിന്ന് വെള്ളം നാലുപാടും ചീറ്റിയപ്പോള്‍ അയാളുടെ മുഖത്തേക്കും തെറിച്ചു.
ഇത് വെള്ളമാണോ..! ചുട്ടുപൊള്ളുന്നു!”
മതില്‍ വിറയ്ക്കുന്നു. നിലം തരിക്കുന്നു. എന്തോ തലയിലേക്കു വീണപ്പോഴാണ് അയാള്‍ മുകളിലേക്ക് നോക്കിയത്.
“ഭാനുമതീ… അവനെങ്ങാനും കാണും…””
“നിങ്ങളെ അനിയനും ഭാര്യേം ഈ ഇടയിലേക്കു വരില്ല. അല്ലാതെ ഞാനിതെല്ലാം എവിടെ കൊണ്ട്വോവും. അഞ്ച് സെന്റ് മുഴുവന്‍ വീടല്ലേ…””
“പപ്പാ… നമുക്കും കുഴല്‍ക്കിണര്‍ കുത്താം. ഈ പൈപ്പുവെള്ളത്തെ വിശ്വസിക്കാനാവില്ല.””
“തറവാട്ടിലെ കിണറ്റില്‍നിന്ന് ആരും വെള്ളം കോരാതിരിക്കാന്‍ നിങ്ങളെ അനിയന്‍ ചെയ്ത പണികണ്ടോ…! അവന് കുറുക്കന്റെ ബുദ്ധ്യാ…”” മാലിന്യങ്ങള്‍ വീണ്ടും അയാളുടെ ശിരസ്സിലേക്കു വീഴുകയാണ്.
നേരം പുലര്‍ന്നപ്പോള്‍ പഴയ സാധനങ്ങളെല്ലാം വാഹനത്തില്‍ കയറ്റിയ ശേഷം യാത്ര പറയാനൊരുങ്ങുന്ന അവരോട് അവള്‍ പറഞ്ഞു: മൂത്രം ദിവസം രണ്ട് കപ്പു പോവും. കിഡ്‌നിക്കൊന്നും യാതൊരു തകരാറുമില്ല… അവര്‍ അകത്തേക്കു കയറി. ആ മുറിയിലെത്തി. ഉറങ്ങിക്കിടക്കുന്ന അയാളെ നോക്കി അവന്‍ പറഞ്ഞു: അച്ഛനിന്നേവരെ കണ്ണട വെക്കേണ്ടി വന്നിട്ടില്ല. സൂചി നെലത്തുവീണാ നിമിഷങ്ങള്‍കൊണ്ട് എടുത്തുതരും.”
അവര്‍ അയാളുടെ വലതുകൈ പിടിച്ചു. കണ്‍പോളകള്‍ താഴ്ത്തിനോക്കി. മൂക്കിനു മുമ്പില്‍ വിരല്‍വെച്ച ശേഷം പുറത്തേക്കു പാഞ്ഞു. അവള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു, അവനും.

ഭൂമിയുടെ വാക്കുകള്‍ വീണ്ടും: ചുട്ടുപഴുത്ത ഉള്ളറകളില്‍ ജലത്തുള്ളികള്‍ക്കായി കരഞ്ഞ വേഴാമ്പലുകള്‍ മരണമടയുമ്പോഴും മാലിന്യപ്രവാഹങ്ങളില്‍ ഞാന്‍ തളരുന്നു… പാദങ്ങളിടറുന്നു…!
.

Latest