Connect with us

Prathivaram

കത്തിപ്പടര്‍ന്ന് മീ ടൂ, ഗൂഗിള്‍ പ്ലസിന് അകാലചരമം

Published

|

Last Updated

മീ ടൂ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. നിരവധി പ്രമുഖര്‍ പ്രതിക്കൂട്ടിലായി. വിവാദത്തില്‍ കുരുങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സ്വന്തംനിലക്ക് കേസ് നടത്തുമെന്നാണ് എം ജെ അക്ബറിന്റെ നിലപാട്. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എം ജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് ആരോപണം ഉന്നയിച്ചത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീ ടൂ പ്രചാരത്തിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്തക ഗസാല വഹാബും തുറന്നെഴുതി. “മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി”, ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം, ഈ തലക്കെട്ടോടെയാണ് ഗസാല വഹാബ് തുറന്നെഴുതിയത്.

ദില്ലിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറ് മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചുവരുത്തി കതകടച്ച ശേഷം പല വട്ടം ശാരീരിക അതിക്രമം നടത്തി. തുടങ്ങിയവയാണ് ആരോപണം. ആരോപണമുന്നയിക്കപ്പെട്ട സമയത്ത് വിദേശത്തായിരുന്ന മന്ത്രി ദില്ലിയിലെത്തിയതിന് പിന്നാലെ അക്ബറിനോട് രാജിവെക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക ഗസാല വഹാബ് രംഗത്തെത്തി. രാജിവെച്ചില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ അക്ബറിനെ ബഹിഷ്‌കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടിരുന്നു. അക്ബറിനെ സംരക്ഷിക്കുന്നത് ബി ജെ പിക്ക് മുറിവേല്‍പ്പിക്കുമെന്ന് മുന്‍ എ ബി വി പി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിന്റെ നയത്തിന് വിരുദ്ധമാണ് അക്ബറിനോടുള്ള സമീപനമെന്നും ബി ജെ പിക്ക് ഇത് ക്ഷതമേല്‍പ്പിക്കുമെന്നും അവര്‍ തുറന്നടിച്ചിരുന്നു.

കേരളത്തിലും വ്യാപകമായ വെളിപ്പെടുത്തലുകള്‍ വന്നുകഴിഞ്ഞു. സിനിമ, രാഷ്ട്രീയ, മാധ്യമ രംഗത്തുള്ള നിരവധി പേരാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നത്. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപയിന് തുടക്കം കുറിച്ചത്. അലീസയുടെ ക്യാംപയിന്‍ ലോകമെമ്പാടുമുള്ളവര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരു പക്ഷെ കഴിഞ്ഞ കാലം വരെ പേടിയോ നാണക്കേടോ കൊണ്ട് തുറന്നുപറയാന്‍ മടിച്ച ലൈംഗികാതിക്രമങ്ങളും മറ്റും സ്ത്രീകള്‍ ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കുറിച്ച ആ രണ്ട് വാക്കുകള്‍ നയിച്ചത് വലിയൊരു മാറ്റത്തിലേക്ക് കൂടിയായിരുന്നു. തുറന്നു പറച്ചിലുകളുടെ മാറ്റം.

യൂ ട്യൂബ് ഡൗണ്‍
ലോകമെമ്പാടും യൂ ട്യൂബിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച തടസ്സപ്പെട്ടു. യൂ ട്യൂബ് അക്കൗണ്ട് ലോഗിന്‍ ചെയ്യുമ്പോള്‍ സൈറ്റ് തകരാറിലാണെന്നും ദയവായി പിന്നീട് ശ്രമിക്കുക എന്ന സന്ദേശമായിരുന്നു കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം യൂ ട്യൂബ് പ്രശ്‌നം പരിഹരിച്ചു. “ഞങ്ങള്‍ തിരിച്ചെത്തി. ഇത്ര നേരം ക്ഷമയോടെ കാത്തുനിന്നതിന് നന്ദി. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അറിയിക്കണം”- യൂ ട്യൂബ് അധികൃതര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, ഥീൗഠൗയലഉഛണച എന്ന ഹാഷ് ടാഗ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് നിര്‍ത്തി
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്വെയര്‍ “ബഗ്” കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തില്‍ അധികം അക്കൗണ്ടുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്ത പുറത്തുവന്നതിന്ന് പിന്നാലെയാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചത്. കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയതെന്നാണ് വിശദീകരണം. ഗൂഗിള്‍ പ്ലസില്‍ അക്കൗണ്ടുള്ളവരുടെ പേര്, ഇ മെയില്‍ വിലാസം, ജോലി, ലിംഗം, വയസ്സ് തുടങ്ങിയ വിവരങ്ങളാണ് നഷ്ടമായത്. വിവര ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ മാസങ്ങള്‍ കഴിഞ്ഞാണ് ആല്‍ഫബെറ്റ് സ്ഥിരീകരിച്ചത്.

മാസങ്ങള്‍ക്കുമുമ്പേ ഗൂഗിളിലെ എന്‍ജിനീയര്‍മാര്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു. അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. പുതിയ വാര്‍ത്ത വന്നതിന് പിന്നാലെ അമേരിക്കന്‍ വിപണിയില്‍ ആല്‍ഫബെറ്റിന്റെ ഓഹരിമൂല്യം 2.6 ശതമാനം ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങളാണ് കമ്പനിക്ക് നഷ്ടമായത്. ഏറെ കൊട്ടിഘോഷിച്ച് 2011ലാണ് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുകെട്ടാന്‍ വേണ്ടിയാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. എന്നാല്‍ ഉപയോക്താക്കളും മുന്‍നിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിള്‍ പ്ലസിന് വേണ്ടത്ര സ്ഥാനം നല്‍കിയില്ല. ഏതായാലും അടച്ചുപൂട്ടലിന്റെ ഭാഗമായി ജി മെയിലിനും മറ്റ് ഗൂഗിള്‍ പ്ലാറ്റ്ഫോമുകള്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു.

ഫേസ്ബുക്കില്‍ സുരക്ഷ ഉറപ്പില്ല
കഴിഞ്ഞ മാസമാണ് ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്തകള്‍ വന്നത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ മറുപടി. ശേഖരിച്ച വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പലതും സാധ്യമാണ്. വിവരങ്ങള്‍ പരിശോധിച്ച് ആളുകളുടെ താത്പര്യങ്ങളും മറ്റും കണക്കുകൂട്ടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കെതിരെ വിവിധ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ഈ വിവരങ്ങള്‍ കൊണ്ട് സാധിക്കും. ഫേസ്ബുക്ക് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ യൂസര്‍നെയിം, ലിംഗഭേദം, ഭാഷ, വൈവാഹിക അവസ്ഥ, മതം, സ്വദേശം, നിലവില്‍ താമസിക്കുന്ന സ്ഥലം, ജനന തീയതി, ഫേസ്ബുക്കില്‍ കയറാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, വിദ്യാഭ്യാസം, ജോലി, ടാഗും ലൈക്കും ചെയ്ത സ്ഥലങ്ങള്‍, ആളുകള്‍, പേജുകള്‍, ഫേസ്ബുക്കില്‍ തിരഞ്ഞ ഏറ്റവും പുതിയ 15 കാര്യങ്ങള്‍ ഇവയെല്ലാം ഹാക്കര്‍മാരുടെ കൈവശമുണ്ട്.

സാധാരണ വിവരങ്ങള്‍ ചോര്‍ന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കാറുണ്ട്. എന്നാല്‍, ഫേസ്ബുക്ക് തികച്ചും വ്യത്യസ്ത നിലപാടാണ് ഇക്കാര്യത്തില്‍ എടുത്തത്. പ്ലേ സ്റ്റേഷന്‍ നെറ്റ്‌വര്‍ക്, ക്രെഡിറ്റ് മോണിറ്ററിംഗ് ഏജന്‍സിയായ ഇക്വിഫാക്സ് പോലുള്ളവ ഇത്തരം സുരക്ഷാ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഇങ്ങനെ ഒരു സംരക്ഷണം നല്‍കാന്‍ നിലവില്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ അധികൃതര്‍ പ്രതികരിച്ചത്. പകരം ഫേസ്ബുക്കിന്റെ ഹെല്‍പ്പ് സെക്ഷന്‍ ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് കമ്പനി നല്‍കുന്നത്.
.

---- facebook comment plugin here -----

Latest