ട്രാന്‍സ്ജന്റേഴ്‌സിനെ അവഹേളിക്കുന്ന പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് ശ്രീധരന്‍ പിള്ള

Posted on: October 22, 2018 6:14 pm | Last updated: October 22, 2018 at 9:07 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ആണും പെണ്ണും കെട്ടതെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ഖേദം പ്രകടനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള രംഗത്തെത്തി. ശ്രീധരന്‍ പിള്ളയുടെ പരമാര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയയോടെയാണ് ഖേദപ്രകടനവുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

മാധ്യമങ്ങളോട് കഴിഞ്ഞദിവസം സംസാരിക്കുന്നതിനിടെ ഞാന്‍ നടത്തിയ ഭാഷാപരമായ പ്രയോഗം ഒരു വിഭാഗത്തെ വേദനിപ്പിച്ചതായി അറിയുന്നു. ആ വിഭാഗത്തെ മോശമായി ചിത്രീകരിക്കാനോ അവരെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല എന്റെ പരാമര്‍ശം. അങ്ങനെ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ട്രാന്‍സ്ജന്റേഴ്‌സ് മാര്‍ച്ച് നടത്തിയിരുന്നു. ശ്രീധരന്‍ പിള്ള മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കേരളത്തിലെ മുഴുവന്‍ ട്രാന്‍സ്‌ജെന്റേഴ്‌സും പ്രകടനം നടത്തുമെന്ന് ട്രാന്‍സ് ജെന്റര്‍ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു.