Connect with us

Editorial

ഇതോ ഭക്തരുടെ സമര മുറ?

Published

|

Last Updated

അയ്യപ്പ ഭക്തരുടെ പേരിലാണ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്രമാത്രം അക്രമാസക്തമായ ഹര്‍ത്താല്‍ അടുത്ത കാലത്തൊന്നും കേരളത്തില്‍ നടന്നിട്ടില്ല. വിവിധ ഭാഗങ്ങളിലായി നൂറോളം കെ എസ് ആര്‍ ടി സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു കേടുപാടുകള്‍ വരുത്തി. പാലക്കാട്ട് ബസ് കത്തിക്കാനുള്ള ശ്രമമുണ്ടായി. നിരവധി ബസ് ജീവനക്കാര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന വാഹനങ്ങള്‍ക്കു നേരെയും അക്രമം അരങ്ങേറി. താനൂരില്‍ വാഹനം തടഞ്ഞവരെ പിരിച്ചു വിടാനെത്തിയ പോലീസിനെയും അക്രമിച്ചു. തിരൂരില്‍ ഗര്‍ഭിണിയായ യുവതിക്കും ഭര്‍ത്താവിനും മര്‍ദനമേറ്റു. കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ആലുവയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ബൂധനാഴ്ച പമ്പയിലും നിലയ്ക്കലുമുണ്ടായ സംഘര്‍ഷത്തില്‍ ശബരിമല സമരക്കാര്‍ 13 ബസുകളും പോലീസ് ജീപ്പും തകര്‍ത്തിരുന്നു. മലബാര്‍ മേഖലയിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്.

സന്നിധാനത്ത് യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലവിലുള്ള ആചാരരീതി തുടരണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്നു വരുന്ന സമരങ്ങളും അക്രമത്തിലേക്ക് നീങ്ങിയിരിക്കയാണ്. ശബരിമലയിലെത്തുന്ന സ്ത്രീകളെ സമരക്കാര്‍ വളഞ്ഞിട്ട് അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകളെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകരെയും വെറുതെ വിടുന്നില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥരെയും ശബരിമലയിലേക്ക് അടുപ്പിക്കാതെ തടയുകയും അക്രമിക്കുകയുമാണ്. ഒരു ദേവസ്വം ഉദ്യോഗസ്ഥയെയും കല്ലെറിഞ്ഞ് വീഴ്ത്തുകയുണ്ടായി. വീണു കിടക്കുന്ന ആ സ്ത്രീയുടെ ശരീരത്തില്‍ ചവിട്ടി നിന്ന് മര്‍ദിക്കുകയും നിലത്തു കൂടെ വലിച്ചിഴക്കുകയുമുണ്ടായി. ബി ജെ പി പിന്തുണയോടെ ശബരി കര്‍മ സമിതിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും ഭക്തര്‍ക്ക് അവകാശമുണ്ട്. അതുപക്ഷേ സമാധാനപരവും നിയമത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിയുമാകണം. ഭീകരാവസ്ഥ സൃഷ്ടിച്ചു കൊണ്ടാകരുത്. ബസ് തകര്‍ത്തും റോഡുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും അക്രമങ്ങള്‍ അഴിച്ചുവിട്ടും പ്രതിഷേധിക്കുന്നത് ഭക്തജനങ്ങള്‍ക്ക് അനുയോജ്യമായ പ്രതിഷേധ മുറയാണോ? ശരിയായ അയ്യപ്പ ഭക്തന്‍ അതു ചെയ്യില്ല. അവസരം മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തില്‍ കാവിരാഷ്ട്രീയക്കാരാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. മന്ത്രി കടകംപള്ളി പുറത്തുവിട്ട കലാപകാരികളുടെ നേതാവിന്റെ ഓഡിയോ സന്ദേശം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. സന്നിധാനത്തേക്ക് പൂജക്ക് വരുന്ന ഭക്തരെന്ന വ്യാജേന തീര്‍ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുകളുമായി ഗുണ്ടകളെ ശബരിമലയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നതായിരുന്നു ഹിന്ദു പരിഷത്ത് നേതാവിന്റെ സന്ദേശം. നിലയ്ക്കലില്‍ പോലീസ് വെടിവെപ്പും അനിഷ്ട സംഭവങ്ങളുമാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നവരുടെ സ്വപ്നം. അത് ഉപയോഗപ്പെടുത്തി വേണം സംസ്ഥാനത്ത് കാവിരാഷ്ട്രീയത്തിന് മുന്നേറ്റമുണ്ടാക്കാന്‍. നിരോധനാജ്ഞ ലംഘിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്നതിന്റെ ലക്ഷ്യമിതാണ്.

കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുവതികള്‍ക്ക് പ്രവേശനം വിലക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേറ്റു പറയുകയുണ്ടായി. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനം എന്ത് എന്നതാണ് ഇവിടെ പ്രധാന പ്രശ്‌നം. എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യം എന്ന ഭരണഘടനയുടെ 25(1) വകുപ്പിന് വിരുദ്ധമാണ് ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിലെ 3 ബി വകുപ്പെന്ന വീക്ഷണത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് ആധാരം ഭരണഘടനയിലെ വകുപ്പായതിനാല്‍ അതു ഭേദഗതി ചെയ്തു വേണം ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍. ഇത് കേന്ദ്രത്തിന്റെ പരിധിയില്‍ പെട്ട വിഷയമാണ്. സമരക്കാരും ബി ജെ പിയും ചെന്നിത്തലയും ഓര്‍ഡിനന്‍സിന് ആവശ്യപ്പെടേണ്ടത് കേന്ദ്ര സര്‍ക്കാറിനോടാണ്.
പുനഃപരിശോധനാ ഹരജിയിലൂടെ സുപ്രീം കോടതി ഉത്തരവ് തിരുത്തിക്കുകയോ നിയമനിര്‍മാണം നടത്തുകയോ ചെയ്യാത്ത കാലത്തോളം ഇപ്പോഴത്തെ വിധിയനുസരിച്ച് ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം കര്‍ശനമായി പാലിക്കണമെന്ന് ഒക്‌ടോബര്‍ 15ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 10നും 50നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധി പൂര്‍ണമായും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും വനിതകള്‍ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും കേരളത്തെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ടാണ്് പി ടി ഐ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ബി ജെ പിയും വര്‍ഗീയ ശക്തികളും സമരം ചെയ്യേണ്ടത് കേന്ദ്രത്തിനെതിരെയാണ്; സംസ്ഥാന സര്‍ക്കാറിനെതിരെയല്ല. അല്ലെങ്കിലും പ്രശ്‌നത്തില്‍ കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെയും സംസ്ഥാന ബി ജെ പി നേതൃത്വത്തിന്റെയും നിലപാട് ഭിന്നമാണല്ലോ. സംസ്ഥാന ബി ജെ പിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ വോട്ട് ബേങ്ക് പരിപോഷണത്തിന് ഇതെങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നതാണ് പ്രധാനം. അതിനായുള്ള കളികളും നാടകങ്ങളുമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

---- facebook comment plugin here -----

Latest