അപകടസമയം വാഹനമോടിച്ചത് ബാലഭാസ്‌കറെന്ന് ഡ്രൈവറുടെ മൊഴി

Posted on: October 16, 2018 8:07 pm | Last updated: October 17, 2018 at 10:26 am

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിക്കാനിടയായ കാറപകടത്തില്‍ വാഹനമോടിച്ചത് ബാല ഭാസ്‌കറെന്ന് മൊഴി. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറാണ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്. കൊല്ലം കഴിഞ്ഞ ശേഷമാണ് ബാലഭാസ്‌കര്‍ ഡ്രൈവിംഗ് സീറ്റിലിരുന്നതെന്നും ഭാര്യയും മകളും മുന്‍സീറ്റിലും താന്‍ പിന്‍സീറ്റിലുമാണ് യാത്ര ചെയ്തിരുന്നതെന്നും ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞു. വാഹനമോടിച്ചത് അര്‍ജുനാണെന്നായിരുന്നു ആദ്യ നിഗമനം.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല അപടം നടന്ന ഉടന്‍ തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കര്‍ ഒരാഴ്ചക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.