ശബരിമല: സംഘ്പരിവാറിന്റെ ഇരട്ടത്താപ്പുകള്‍

Posted on: October 16, 2018 10:24 am | Last updated: October 16, 2018 at 12:30 pm

1990ലാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായ ചന്ദ്രികയുടെ പേരക്കുട്ടിയുടെ എഴുത്തിനിരുത്ത് ശബരിമല ക്ഷേത്രനടയില്‍ നടന്നത്. ആ ചടങ്ങ് കുട്ടിയുടെ മാതാവായ യുവതി ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു. പത്രങ്ങളിലെല്ലാം അതിന്റെ ഫോട്ടോ വന്നതുമാണ്. ഈ സംഭവത്തെ തുടര്‍ന്നാണ് 65-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് എന്ന പരാതിയുമായി ഒരു മഹേന്ദ്രന്‍ കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ കേസിലാണ് 1990കള്‍ വരെ ശബരിമലയില്‍ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന അഫിഡവിറ്റ് ദേവസ്വംബോര്‍ഡ് തന്നെ നല്‍കുന്നത്. നേരത്തെ തിരുവിതാംകൂര്‍ മഹാറാണി അവര്‍ യുവതിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം ദര്‍ശനം നടത്തിയിരുന്നു. കേരളത്തിന്റെ മുന്‍ ചീഫ്‌സെക്രട്ടറി ടി കെ എസ് നായര്‍ തന്റെ ചോറൂണ് നടന്നത് ശബരിമലയിലാണെന്നും അമ്മയുടെ മടിയില്‍ ഇരുന്നാണ് ചോറൂണ് നടന്നതെന്നും വെളിപ്പെടുത്തുകയുണ്ടായി.

1990 വരെ സ്ത്രീകള്‍ പ്രവേശിച്ചിരുന്ന ക്ഷേത്രത്തില്‍ 1991ലെ ഹൈക്കോടതി വിധിയിലൂടെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യത്തെയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെയും സംബന്ധിച്ച എല്ലാ കാര്യങ്ങളും അതാത് കാലത്തെ ക്ഷേത്രനടത്തിപ്പുകാരുടെയും തന്ത്രിമാരുടെയും വിഭാവനങ്ങളും മനുഷ്യനിര്‍മിതവുമാണെന്ന കാര്യമാണ് വിവാദങ്ങള്‍ സൃഷ്ടിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ മറച്ചുപിടിക്കുന്നത്.

നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരമാണ് യുവതികള്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്കെന്ന വാദം ചരിത്രവിരുദ്ധമാണ്. 1940-ല്‍ സദസ്യതിലകന്‍ ടി കെ വേലുപ്പിള്ള എഴുതിയ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ ശബരിമലയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പോകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാവന്‍കൂര്‍ ദേവസ്വംബോര്‍ഡ് നിലവില്‍വരുന്നതും ശബരിമലക്ഷേത്രം ദേവസ്വംബോര്‍ഡിന് കീഴിലാവുന്നതും 1950-ലാണ്. 1965ലാണ് കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന നിയമം വരുന്നത്. അതിലെ 3 (ബി) വകുപ്പുവഴിയാണ് ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന ആദ്യത്തെ നിയമപരമായ നീക്കമുണ്ടാകുന്നത്. അതിനു മുമ്പ് ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കുണ്ടായിരുന്നില്ല.

യഥാര്‍ഥത്തില്‍ 1981ലെ വിശ്വഹിന്ദുപരിഷത്തിന്റെ കൊച്ചി സമ്മേളനത്തോടെയാണ് കേരളത്തില്‍ കടുത്ത ഹൈന്ദവവത്കരണം ലക്ഷ്യം വെച്ച് അങ്ങേയറ്റം ദളിത്‌വിരുദ്ധവും സ്ത്രീവിരുദ്ധവുമായ അശ്ലീലകരമായ പലവിധ ആചാരങ്ങളെയും ക്ഷേത്രപുനരുജ്ജീവന പ്രവര്‍ത്തനങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കങ്ങളുണ്ടാകുന്നത്. 1982-ലാണ് ശബരിമല ക്ഷേത്രത്തില്‍ 10 വയസ്സിനും 50 വയസ്സിനുമിടയിലുള്ള രണ്ട് സ്ത്രീകളെ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ തടയുന്നത്. ശബരിമലയുടെ ചരിത്രത്തില്‍ സ്ത്രീപ്രവേശനത്തിനെതിരെ നടന്ന ആദ്യത്തെ പ്രതിഷേധമായിരുന്നു ഇത്. അതായത് വിശ്വഹിന്ദുപരിഷത്തും ഹിന്ദുഐക്യവേദിയും ആര്‍ എസ് എസ് അജന്‍ഡയനുസരിച്ച് അയ്യപ്പസേവാസംഘം പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി നടത്തിയ ആദ്യത്തെ ഇടപെടലായിരുന്നു ഇത്. സ്ത്രീവിരുദ്ധമായ സംസ്‌കൃതപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും ഹിന്ദുത്വധ്രുവീകരണത്തിനാവശ്യമായ പ്രത്യയശാസ്ത്രപരിസരം രൂപപ്പെടുത്തുന്നതിന്റെ ഭാഗവുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ ഇടപെടലുകളെല്ലാം.

ഹിന്ദു പുനരുജ്ജീവനമെന്നത് ബ്രാഹ്മണമേധാവിത്വത്തിലധിഷ്ഠിതമായ പൗരോഹിത്യ സംസ്‌കാരത്തിന്റെ ആദര്‍ശവത്കരണവും ശാശ്വതീകരണവുമാണ്. അതാണ് രാഹുല്‍ ഈശ്വറിനെപോലുള്ള പോസ്റ്റ്‌മോഡേണ്‍ഹിന്ദുത്വവാദികള്‍ കേരളത്തിലിപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. 1986ല്‍ തമിഴ് സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തെ തടഞ്ഞതാണ് രണ്ടാമത്തെ പ്രതിഷേധം. 1990-ല്‍ നടന്ന ദേവസ്വം ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണിന്റെ പ്രശ്‌നം വിവാദമായതിനെതുടര്‍ന്നാണ് എസ് മഹേന്ദ്രന്‍ എന്നയാള്‍ 1990ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ കേസിലാണ് 1991 ഏപ്രില്‍ 5-ന് ഹൈക്കോടതി 10-നും 50-നും ഇടയിലുള്ള സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കിയത്. അന്നുമുതലാണ് വനിതാപോലീസുകാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പ്രായപരിധികൂടി കണക്കിലെടുത്ത് നിയോഗിക്കുന്നതിലേക്കെത്തിയത്. ജസ്റ്റിസ് പരിപൂര്‍ണനും ജസ്റ്റിസ് കെ ബി മാരാറും ഉള്‍പ്പെട്ട ഡിവിഷന്‍ബഞ്ച് 1965-ലെ നിയമം ഭരണഘടനയുടെ 15, 25, 26 വകുപ്പുകള്‍ക്ക് എതിരല്ലെന്നായിരുന്നു നിരീക്ഷിച്ചത്.
ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പന്തളം കൊട്ടാരത്തിലെ രവിവര്‍മ്മരാജയെയും അയ്യപ്പസേവാസംഘം സെക്രട്ടറി തുടങ്ങിയവരെ വിസ്തരിച്ചതിനുശേഷം അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. 1950ന് മുമ്പ് തന്നെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദത്തെ ഹൈക്കോടതി മുഖവിലക്കെടുക്കുകയാണുണ്ടായത്. രേഖാപരമോ തന്ത്രവിധിപ്രകാരമോയുള്ള ഒരു തെളിവും തന്ത്രി കോടതിക്കുമുമ്പാകെ ഹാജരാക്കിയിരുന്നില്ല.
ഇപ്പോഴത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് ആധാരമായ കോടതിനടപടികള്‍ ആരംഭിക്കുന്നത് 2006-ലാണ്. യങ്‌ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അവരുടെ വാദം ഭരണഘടനയുടെ 25ാം അനുച്ഛേദത്തിനെതിരാണ് 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു. 2017ലാണ് ഈ കേസ് ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് വിടുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീ അശുദ്ധയായതിനാലാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതെന്നായിരുന്നു കേസിലെ എതിര്‍കക്ഷിയായ പന്തളം രാജകുടുംബത്തിന്റെയും തന്ത്രിയുടെയും പ്രധാനവാദം. ഈ വാദങ്ങളാണിപ്പോള്‍ സുപ്രീംകോടതി തള്ളിക്കളയുന്നത്.

ഹിന്ദുത്വവാദികള്‍ വിശ്വാസികളായ ജനസമൂഹങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ സര്‍ക്കാറിനെതിരെ കലാപമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാറിന്റെ സുപ്രീംകോടതിയിലെ അഫിഡവിറ്റാണ് ഇത്തരമൊരു വിധിക്ക് കാരണമെന്ന ഒതളങ്ങാ വര്‍ത്തമാനമാണ് സംഘ്പരിവാറുകാരും ഒരു വിഭാഗം കോണ്‍ഗ്രസുകാരും നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെപോലുള്ള ആളുകള്‍ വായില്‍തോന്നിയത് ഇടതുപക്ഷത്തിനും മതനിരപേക്ഷ മൂല്യങ്ങള്‍ക്കുമെതിരായി തുടര്‍ച്ചയായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. മനുസ്മൃതിയുടെ മൂല്യവ്യവസ്ഥയിലേക്ക് സമൂഹത്തെയാകെ തിരിച്ചുകൊണ്ടുപോകാനുള്ള ബ്രാഹ്മണമൂല്യങ്ങളെ ആദര്‍ശവത്കരിക്കുന്ന പ്രചാരണങ്ങളാണ് സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സംഘ്പരിവാര്‍ സംഘടനകള്‍ രാമായണത്തിലെ മായാരാക്ഷസന്മാരെപ്പോലെയാണ്. മായാവിദ്യകളിലൂടെയാണവര്‍ യുദ്ധം ചെയ്യുന്നത്. നേരിട്ട് യുദ്ധം ചെയ്യാന്‍ ശേഷിയില്ലാത്ത മായാരാക്ഷസന്മാര്‍ എതിരാളികളെ മായാലീലകളിലൂടെ വിഭ്രമിപ്പിച്ച് പിടിച്ചുനില്‍ക്കുകയാണ്. ആര്‍ക്കും പിടികിട്ടാത്ത മായാരാക്ഷസവേലകളിലൂടെയാണ് ആര്‍ എസ് എസ് എന്നും തങ്ങളുടെ വര്‍ഗീയ അജന്‍ഡ പുറത്തെടുത്തിട്ടുള്ളത്. ജനങ്ങളുടെ മതേതരവും ജനാധിപത്യപരവുമായ ജീവിതബന്ധങ്ങളെയാകെ വിശ്വാസഭ്രാന്ത് ഇളക്കിവിട്ട് തകര്‍ക്കുകയെന്നതാണ് എല്ലാ മതതീവ്രവാദികളുടെയും പതിവുരീതി.

ശബരിമലവിധിക്ക് പിണറായി വിജയനാണ് ഉത്തരവാദിയെന്നും ഇടതുപക്ഷ സര്‍ക്കാര്‍ യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം മാറ്റിക്കൊടുത്തതാണ് ഇപ്പോഴത്തെ പ്രായഭേദമില്ലാതെയുള്ള സ്ത്രീപ്രവേശനത്തിന് കാരണമായതെന്നുമാണ് വളരെ ഉപരിപ്ലവമായ രീതിയില്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി പി എമ്മിനും ഇടതുപക്ഷസര്‍ക്കാറിനുമെതിരെ അയ്യപ്പഭക്തരെ ഇളക്കിവിടാനുള്ള വിലകുറഞ്ഞ നീക്കങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കാത്തതിനെയും വലിയ പ്രചാരണമാക്കുകയാണവര്‍. സംഘ്പരിവാറിന്റെ നാക്കായി ചാനല്‍ചര്‍ച്ചകളില്‍ ബഹളംവെക്കുന്ന രാഹുല്‍ഈശ്വറിനെ പോലുള്ളവരും സംഘ്പരിവാറിന്റെ വാമനാവതാരങ്ങളായ ചില കോണ്‍ഗ്രസ് നേതാക്കളും ഇടതുപക്ഷ വിരുദ്ധ ക്ഷുദ്രവികാരങ്ങള്‍ ആളിക്കത്തിക്കാനുള്ള നുണപ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാലിപ്പോള്‍ വെളിപ്പെട്ടുവരുന്ന വിവരമനുസരിച്ച് 2006-ല്‍ സ്ത്രീകള്‍ക്ക് പ്രായവ്യത്യാസമില്ലാതെ ശബരിമല പ്രവേശനത്തിന് വേണ്ടി കേസ് കൊടുത്തത് ആര്‍ എസ് എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് എന്നാണ്. യങ്ങ്‌ലോയേഴ്‌സ് അസോസിയേഷനു വേണ്ടി പരാതി നല്‍കിയ അഞ്ച് വനിതാ അഭിഭാഷകരും സംഘിബന്ധം പുലര്‍ത്തുന്നവരാണത്രെ. യങ്‌ലോയേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി ഭക്തിപസ്രീജസേഥി, പ്രേരണകുമാരി, ലക്ഷ്മിശാസ്ത്രി, അല്‍കശര്‍മ, സുധപാല്‍ എന്നിവരാണ് ഹരജിക്കാരികള്‍. പ്രേരണകുമാരിയും ഭര്‍ത്താവും ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ളവരാണ്. പ്രേരണകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്ശംഭുകുമാര്‍ സജീവ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകനാണ്. ഹരിയാനക്കാരിയായ ഭക്തിസേഥിയും കടുത്ത ആര്‍ എസ് എസ് ബന്ധമുള്ളവരാണ്.
ശബരിമലക്കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന നാളുകളിലാണ് ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്ന് ആര്‍ എസ് എസ് നേതാവ് ഭയ്യാജിജോഷി വ്യക്തമാക്കിയത്. ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനായ രംഗഹരി ആര്‍ എസ്എസ് പ്രസിദ്ധീകരണമായ കേസരിയില്‍ തുടര്‍ച്ചയായി ക്ഷേത്രങ്ങളില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് ലേഖനമെഴുതിയിരുന്നു. ഇന്നിപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശം ഹൈന്ദവ മതാചാരങ്ങള്‍ക്കെതിരാണെന്ന് വാദിക്കുന്നവര്‍ ആര്‍ എസ് എസ് അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖായ രംഗഹരിയുടെ ലേഖനം വായിച്ചുനോക്കേണ്ടതാണ്. കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണ് യുവതീ പ്രവേശനത്തിന് അനുകൂലമായ വാദങ്ങള്‍ ലേഖനത്തിലുടനീളം രംഗഹരി നിരത്തിയത്. ഭാരതീയവിചാര കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ സുപ്രീംകോടതിവിധി ഹിന്ദുമതവിശ്വാസങ്ങള്‍ക്കും അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യത്തിനും എതിരല്ലെന്നും ആചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും വാദിച്ചുകൊണ്ട് ജന്മഭൂമി പത്രത്തില്‍ ലേഖനം എഴുതുകയുണ്ടായി.
ഈ വസ്തുതകളെയെല്ലാം പുകമറയില്‍ നിര്‍ത്തിക്കൊണ്ടാണ് സംഘ്പരിവാര്‍ ശബരിമലവിധിയെ മുന്‍നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാറിനെതിരായി വിശ്വാസികളെ ഇളക്കിവിട്ട് കലാപം ഉണ്ടാക്കാന്‍ ബദ്ധപ്പെടുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചെന്നിത്തലയും കെ സുധാകരനും സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് വിശ്വാസി സമൂഹങ്ങളെ ഇളക്കിവിട്ട് ഒരു രണ്ടാം വിമോചനസമരം സൃഷ്ടിക്കാമെന്ന് മോഹിക്കുകയാണ്. ശബരിമല പ്രശ്‌നത്തെ മുന്‍നിര്‍ത്തിയുള്ള നാമജപഘോഷയാത്രകളും ഉപവാസങ്ങളുമെല്ലാം സംഘ്പരിവാറിന്റെ അജന്‍ഡയനുസരിച്ചുള്ള കരുനീക്കങ്ങളാണ്. ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിനെ പ്രതിരോധത്തിലാക്കാനും ഒരു രണ്ടാം വിമോചനസമരത്തിലൂടെ താഴെയിറക്കാനുമുള്ള ആസൂത്രിതനീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
ബി ജെ പിയും കോണ്‍ഗ്രസും അരങ്ങത്തും അണിയറയിലും ആടിത്തളര്‍ന്ന് ക്ലൈമാക്‌സിലെത്തിയ കമ്യൂണിസ്റ്റ് വിരുദ്ധ നാടകം ആവര്‍ത്തിക്കുകയാണ്. ദൈവാരാധനയുടെയും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്‌നങ്ങളല്ല; കൃത്യമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയഅജന്‍ഡയാണ് ബി ജെ പി-കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രണം ചെയ്ത് പ്രയോഗിക്കുന്നത്. സംഘ്പരിവാറിന്റെ ഇരട്ടത്താപ്പും കോണ്‍ഗ്രസ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയവുമാണ് ശബരിമലപ്രശ്‌നത്തിലൂടെ പൊതുസമൂഹത്തിനുമുമ്പില്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.
ഇരു നാക്കുകൊണ്ട് സംസാരിക്കുന്നവരാണ് ഫാസിസ്റ്റ് രാഷ്ട്രീയ നേതാക്കളെല്ലാം. ചരിത്രത്തിലെന്നും ഇരുതലമൂരിനയമാണ് സംഘ്പരിവാര്‍ പിന്തുടര്‍ന്നിട്ടുള്ളത്. അവരുടെ ആചാര്യനായ ഹിറ്റ്‌ലര്‍ സ്ത്രീയെ അമ്മയായി ഉദാത്തവത്കരിക്കുകയും അതേസമയം തന്നെ ജര്‍മനിയിലെ സ്ത്രീപ്രവര്‍ത്തകര്‍ റീസ്താഗില്‍ പ്രതിഷേധപ്രകടനം നടത്തിയപ്പോള്‍ സ്ത്രീയുടെ സാന്നിധ്യവും സ്പര്‍ശനവും കൊണ്ട് റീസ്താഗ് അശുദ്ധമായെന്ന് ആക്ഷേപിക്കുകയും ചെയ്തു. ഇവിടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് കേസ് കൊടുക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്ത സംഘ്പരിവാര്‍ നേതാക്കള്‍ തന്നെയാണ് സ്ത്രീപ്രവേശനം ആചാരവിരുദ്ധമാണെന്ന് ആക്രോശിച്ച് തന്ത്രികുടുംബത്തെയും രാജകുടുംബത്തെയുമൊക്കെ മുന്‍നിര്‍ത്തി കലാപമഴിച്ചുവിടാനുള്ള ഹീനമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.