Connect with us

Kerala

നീതിപീഠങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്നത് അരാജകത്വത്തിന് കാരണമാകും: കാന്തപുരം

Published

|

Last Updated

കൊണ്ടോട്ടി: നീതിപീഠങ്ങളിലും ഭരണകൂടങ്ങളിലും പൗരന്മാര്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ ഇട വരുന്നത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊട്ടപ്പുറം സംവാദത്തിന്റെ സ്മരണാര്‍ഥം കൊട്ടപ്പുറത്ത് നിര്‍മിച്ച ഇസ്‌ലാമിക് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിയും പൗരാവകാശവും നിഷേധിക്കപ്പെടുന്നു എന്ന ഉത്കണ്ഠ ജനങ്ങളെ തെരുവില്‍ ഇറങ്ങാനും നിയമം കൈയിലെടുക്കാനും പ്രേരിപ്പിക്കും. വിശ്വാസ സംരക്ഷണവും പൗരന്റെ അവകാശമാണ്. ഇതിനെതിരെ ഉണ്ടാകുന്ന നീക്കങ്ങളും നിലപാടുകളും ജനങ്ങളില്‍ ഭീതി വളര്‍ത്തും. മതമൂല്യങ്ങളും മാനവികമൂല്യങ്ങളും അവഗണിക്കപ്പെടുന്ന തരത്തില്‍ ഈയിടെയുണ്ടായ ചില കോടതി വിധികള്‍ രാജ്യത്ത് അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ഒരു മത വിശ്വാസവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി മറ്റ് മതങ്ങള്‍ക്കും ബാധകമാണ് എന്ന് പറയുന്നത് മൗഢ്യമാണെന്നും കാന്തപുരം വ്യക്തമാക്കി.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അനുമോദന പ്രസംഗം നിര്‍വഹിച്ചു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ആദര്‍ശ പ്രസംഗവും നടത്തി.

കെ പി വീരാന്‍ കുട്ടി ഹാജി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി പ്രസംഗിച്ചു. പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, പ്രാഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, അബ്ദുര്‍ റശീദ് സഖാഫി പത്തപ്പിരിയം, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, റഹ്മത്തുല്ല സഖാഫി എളമരം, മുഹ്‌യുദീന്‍ സഅദി സംബന്ധിച്ചു.