അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് കൊച്ചിയും കരിപ്പൂരും എംബാര്‍ക്കേഷന്‍ പോയിന്റ്

Posted on: October 15, 2018 7:24 pm | Last updated: October 16, 2018 at 10:01 am

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി ഹജ്ജിന് പുറപ്പെടാം. മുംബൈയില്‍ കേന്ദ്ര – സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം. 2019 മുതൽ ഹജ്ജിന് അപേക്ഷിക്കുമ്പോൾ തീര്‍ഥാടകര്‍ക്ക് ഇഷ്ടമുള്ള എംബാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുക്കാനാകും.

കൊച്ചിയാണ് നിലവിലെ എംബാര്‍ക്കേഷന്‍ പോയിന്റ്. നേരത്തെ കരിപ്പൂര്‍ വഴിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാര്‍ യാത്ര പുറപ്പെട്ടിരുന്നത്. പിന്നീട് കരിപ്പൂരില്‍ റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ എംബാര്‍ക്കേഷന്‍ പോയിന്റ് ഇവിടെ നിന്നും കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഹാജിമാര്‍ക്കായി കോടികള്‍ മുടക്കി പണിത ഹജ്ജ് ഹൗസ് നോക്കുകുത്തിയായി മാറുന്ന സ്ഥിതിയുമുണ്ടായി. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ തീരുമാനം വരുന്നത്.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിന്റെ എണ്ണം കൂട്ടുന്നത് ഹാജിമര്‍ക്ക് ഉപകാരപ്രദമാകും. തെക്കന്‍ ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് കൊച്ചി വഴിയും മലബാറിലെ തീര്‍ഥാടകര്‍ക്ക് കരിപ്പൂര്‍ വഴിയും യാത്ര ചെയ്യാന്‍ സാധിക്കും.

എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഹജ്ജ് കമ്മിറ്റി ചെര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് ഉറപ്പ് നല്‍കിയിരുന്നു. സി മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായത്.