Connect with us

Prathivaram

ഇന്റര്‍നെറ്റ് സ്തംഭനം, ഇന്‍സ്റ്റഗ്രാം സുരക്ഷ

Published

|

Last Updated

നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് ലോകവ്യാപകമായി ഈ ആഴ്ച ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് വന്നുകഴിഞ്ഞു. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാകുന്നതോടെയാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സിനെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും സമയത്തേക്കായിരിക്കും ഇന്റര്‍നെറ്റ് തടസ്സം നേരിടുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏത് ദിവസങ്ങളിലാണ് തടസ്സം നേരിടുക എന്നത് വ്യക്തമല്ല.

അറ്റകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് മെയിന്റനന്‍സ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. വെബ് പേജുകളും ഓണ്‍ലൈനായി ഇടപാടുകള്‍ നടത്തുന്നതിനും 48 മണിക്കൂര്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. കാലഹരണപ്പെട്ട ഐ എസ് പിയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് കിട്ടുന്നതിനും തടസ്സം നേരിട്ടേക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍
സുരക്ഷാക്രമീകരണങ്ങള്‍a
ജനപ്രിയ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഈ ആഴ്ച പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചു. ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങള്‍ വഴി ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍, ഇന്‍സ്റ്റയില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളും അടിക്കുറിപ്പുകളും കമ്യൂണിറ്റി ഓപറേഷന്‍സ് ടീമിന്റെ അവലോകനത്തിന് വിധേയമാകുമെന്നാണ് ബ്ലോഗില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ ഫീഡില്‍ നിന്നും ഒഴിവാക്കുന്നതിനായി അടുത്തയിടെയാണ് ഇന്‍സ്റ്റഗ്രാം ഫില്‍ട്ടര്‍ അവതരിപ്പിച്ചത്. ലൈവ് വീഡിയോയിലും ഈ ഫില്‍ട്ടര്‍ കൊണ്ടുവരാന്‍ കമ്പനി നീക്കങ്ങള്‍ ആരംഭിച്ചതായും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സുഹൃത്തുക്കളും സമാന താത്പര്യമുള്ളവരുമായി നടത്തുന്ന ലൈവ് വീഡിയോ സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയുമെന്നാണാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ ദിവസമാണ് നെയിം ടാഗ് ഓപ്ഷന്‍ എന്ന പുതിയൊരു ഫീച്ചര്‍ കമ്പനി പരിചയപ്പെടുത്തിയത്. പരസ്പരം പേരുകള്‍ സ്‌കാന്‍ ചെയ്ത് മറ്റുള്ളവരെ പിന്തുടരാം. പുതിയ ഫീച്ചറിലൂടെ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്‍ഡ് ലഭിക്കുന്നു. ഇത് സ്‌കാന്‍ ചെയ്യുന്ന ആരെയും പിന്തുടരാവുന്നതാണ്. ലഭിക്കുന്ന സ്‌കാന്‍ കാര്‍ഡ് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ഷെയര്‍ ചെയ്ത് ഫോളോവേഴ്‌സിനെ കൂട്ടാവുന്നതാണ്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് ഉപയോഗിച്ച് നെയിം ടാഗ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ മറ്റുള്ളവരെ പിന്തുടരാവുന്നതാണ്. ക്യു ആര്‍ സ്‌കാനര്‍ മാതൃകയിലാണ് ഇന്‍സ്റ്റഗ്രാമില്‍ നെയിം ടാഗ് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്പ് ചാറ്റിലും നേരത്തെ ഇതേ രീതിയില്‍ സ്‌കാനര്‍ ഫീച്ചര്‍ അവതരിച്ചിരുന്നു.

തരംഗമായി മീറ്റൂ ക്യാമ്പയിന്‍
ലൈംഗിക കൈയേറ്റങ്ങള്‍ക്ക് വിധേയരായ സെലിബ്രിറ്റികളടക്കമുളള നിരവധി സ്ത്രീകള്‍ ലോകത്താകമാനം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടുള്ള മീറ്റൂ ഹാഷ് ടാഗ് തരംഗമാകുകയാണിപ്പോള്‍. തിങ്കളാഴ്ചയാണ് ലൈംഗികാതിക്രമങ്ങള്‍ ലോക ജനതയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പീഡനത്തിനിരയായ സ്ത്രീകള്‍ സ്വമേധയാ “മീറ്റൂ” ഹാഷ് ടാഗുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്. “എല്ലാ സ്ത്രീകളും ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ടെങ്കില്‍ “ഞാനും” എന്നര്‍ഥമാക്കുന്ന “മീറ്റൂ” എന്ന ഹാഷ് ടാഗില്‍ സ്റ്റാറ്റസ് ഇട്ടുകൊണ്ടാണ് നിരവധി പേര്‍ രംഗത്ത് വന്നത്. നേരത്തേ ഹോളിവുഡില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിച്ച ഈ ക്യാമ്പയിന്‍ ഇപ്പോള്‍ ഇന്ത്യയിലും തരംഗമായിക്കഴിഞ്ഞു. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് ഈ ക്യാമ്പയിനില്‍ കുരുങ്ങിയിരിക്കുന്നത്.

---- facebook comment plugin here -----

Latest