തിമിംഗലം തീരക്കടലില്‍; ബീച്ച് അടച്ചു

Posted on: October 12, 2018 6:11 pm | Last updated: October 12, 2018 at 6:11 pm

അബുദാബി: അല്‍ ബഹര്‍ ബീച്ചില്‍ പുള്ളിത്തിമിംഗലം കരക്കടുത്തെത്തിയത് കാരണം ഇന്ന് ബീച്ച് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ബീച്ചില്‍ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായാണ് ഭീമന്‍ പുള്ളിത്തിമിംഗലം എത്തിയത്. ഭീമന്‍ ജീവിയെ കണ്ടവര്‍ ഭയന്ന് കരയിലേക്കോടി.
വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിതമായി മാറ്റി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് വരെ ബീച്ച് അടച്ചതായി അല്‍ ബഹര്‍ ബീച്ച് അധികൃതര്‍ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന വര്‍ഗത്തില്‍പെട്ട തിമിംഗലമാണിതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ജനങ്ങളെ ഉപദ്രവിക്കുന്നവയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് ബീച്ചിലേക്കുള്ള പ്രവേശനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അറിയിച്ചു.