മന്ത്രി മാത്യുവിനെതിരെ വീണ്ടും പടയൊരുക്കം; മാറ്റണമെന്ന് കൃഷ്ണന്‍ കുട്ടി വിഭാഗം

Posted on: October 12, 2018 12:29 am | Last updated: October 12, 2018 at 10:27 am

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെതിരെ വീണ്ടും ജനതാദള്‍ എസില്‍ ഒരു വിഭാഗത്തിന്റെ കരുനീക്കം. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വെള്ളിയാഴ്ച ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയെ കാണും. രണ്ടര വര്‍ഷത്തിന് ശേഷം മാറുമെന്ന നേരത്തെയുള്ള ധാരണ പാലിക്കണമെന്നാണ് കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ നീക്കം. നേരത്തെയും ഈ ആവശ്യം ഉന്നയച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം മാത്യു ടിക്കൊപ്പം നിന്നതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. മന്ത്രിയെ മാറ്റണമെന്ന ആവശ്യം സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശക്തമായി ഉന്നയിച്ച ശേഷമാണ് ഗൗഡയെ കാണാന്‍ പോകുന്നത്.

സീനിയര്‍ നേതാവ് എന്ന പരിഗണനയില്‍ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസഭയില്‍ അവസരം നല്‍കണമെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ നിലപാട്. മന്ത്രിസഭാ രൂപവത്കരണ വേളയില്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം പങ്കുവെക്കാമെന്ന് ധാരണയുണ്ടായിരുന്നുവെന്നും വാദിക്കുന്നു. മാത്യു ടിയെ ലക്ഷ്യമിട്ട് വര്‍ഗീയച്ചുവയുള്ള ആരോപണങ്ങളുയര്‍ന്നതോടെയാണ് നേരത്തെ ഈ നീക്കം പരാജയപ്പെട്ടത്. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ മന്ത്രിയില്‍ നിന്നുണ്ടാകുന്നില്ലെന്ന വിമര്‍ശവും കൃഷ്ണന്‍ കുട്ടി അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന എക്‌സിക്യുട്ടീവിലും കൗണ്‍സിലും മാത്യു ടിക്കാണ് ഭൂരിപക്ഷമെങ്കിലും ഗൗഡയെ സ്വാധീനിച്ച് തീരുമാനമെടുക്കാനാണ് ശ്രമം.