മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മക്കെതിരെ കേസ്

Posted on: October 11, 2018 9:56 am | Last updated: October 11, 2018 at 12:48 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീക്കെതിരെ കേസെടുത്തു. ചെറുകോല്‍ സ്വദേശി മണിയമ്മക്കെതിരെയാണ് കേസെടുത്തത്. എസ്എന്‍ഡിപി പത്തനംതിട്ട യൂനിയന്‍ മുന്‍ സെക്രട്ടറി വിഎസ് സുനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ആറന്മുള പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അസഭ്യം പറയുന്ന മണിയമ്മയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തോടായിരുന്നു വീട്ടമ്മയുടെ അധിക്ഷേപ മറുപടി. ഇതിന് മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു. ആ ചോ….. മോന്റെ മോന്തയടിച്ച് പറിക്കണം എന്നായിരുന്നു ഇവരുടെ മറുപടി. പിണറായിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുളളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.