മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലേറുമെന്ന് സര്‍വേ; ബിജെപി നിലംപരിശാകും

Posted on: October 7, 2018 8:32 pm | Last updated: October 8, 2018 at 10:48 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്ന് സര്‍വേ. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് എബിപി ന്യൂസ് സര്‍വേ വ്യക്തമാക്കുന്നു.

രാജസ്ഥാനിലെ 200 സീറ്റില്‍ 142 എണ്ണം കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2013 ല്‍ 163 സീറ്റുനേടി അധികാരത്തിലെത്തിയ ബിജെപി 56 സീറ്റുകളിലേക്ക് ഒതുങ്ങും. ബാക്കി രണ്ട് സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നാണ് സര്‍വേ ഫലം. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാന്‍ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. ഡിസംബര്‍ ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ഇവിടെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായും സര്‍വേ ഫലം കാണിക്കുന്നു. 2013ല്‍ രാജസ്ഥാനില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മറ്റുള്ള പാര്‍ട്ടികള്‍ 16 സീറ്റുകളും നേടി.

രാജസ്ഥാനിലേതിനു സമാനമായി ഛത്തിസ്ഗഢിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമന്ന് സര്‍വെ വ്യക്തമാക്കുന്നു. 90 സീറ്റില്‍ 47 എണ്ണം കോണ്‍ഗ്രസിനും 41 സീറ്റ് ബിജെപിക്കും ബാക്കിയുള്ള രണ്ട് സീറ്റ് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.

2013ല്‍ ഇവിടെ ബി.ജെ.പി 49 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 39 ഇടത്താണ് ജയിച്ചത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകളും നേടി. രണ്ട് ഘട്ടങ്ങളിലായാണ് ഛത്തിസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 12നും നവംബര്‍ 20നും.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 230ല്‍ 122 സീറ്റുകളും ബി.ജെ.പി 108 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 2013ല്‍ 165 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 58 സീറ്റുകളിലും ബിഎസ്പി അഞ്ച് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്. ഇവിടെ നവംബര്‍ 28നാണ് തിരഞ്ഞെടുപ്പ്.

ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവക്ക് പുറമേ വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മിസോറാമില്‍ ആകെ നാല്‍പ്പത് സീറ്റുകളാണുള്ളത്. 2013ല്‍ കോണ്‍ഗ്രസിന് 34ഉം എംഎന്‍എഫിന് അഞ്ചും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

തെലങ്കാനയില്‍ ടി ആര്‍എസ് ഭരണമായിരുന്നുവെങ്കിലും ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു കാലാവധി തീരും മുമ്പേ സഭ പിരിച്ചുവിടുകയായിരുന്നു. ആകെ 119 സീറ്റുകളുള്ള തെലങ്കാനയില്‍ ടിആര്‍എസിന് 82ഉം കോണ്‍ഗ്രസിന് 17ഉം എഐഎമ്മിന് ഏഴും ബിജെപിക്ക് അഞ്ചും ടിഡിപിക്ക് മൂന്നും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുമാണ് 2014 തിരഞ്ഞെടുപ്പില്‍ കിട്ടിയത്.