ശബരിമല സ്ത്രീ പ്രവേശനം: റിവ്യൂ ഹരജി നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി; കേന്ദ്രത്തിന്റെ ഒളിച്ചുകളി സംശയാസ്പദം

Posted on: October 4, 2018 12:04 pm | Last updated: October 4, 2018 at 12:34 pm

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം നീക്കിയ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നല്‍ക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ ലീഗ് നേരത്തെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാ മേഖലയും വേണ്ടത് തന്നെ എന്നതില്‍ തര്‍ക്കമില്ല. അതേ പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളി സംശയാസ്പദമാണ്. പല താത്പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.