ആദ്യ ജയം തേടി എടികെയും നോര്‍ത്ത് ഈസ്റ്റും നേര്‍ക്കുനേര്‍

Posted on: October 4, 2018 9:08 am | Last updated: October 4, 2018 at 9:08 am

കൊല്‍ക്കത്ത: ഐ എസ് എല്‍ അഞ്ചാം സീസണിലെ ആദ്യ ജയം തേടി കൊല്‍ക്കത്തന്‍ ടീം എടികെ ഇന്ന് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ നേരിടും. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ തകര്‍ന്നു പോയ എടികെ തിരിച്ചുവരവിനായി പരിശ്രമിക്കും.
കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീമാണ് എടികെ. സ്വന്തം മണ്ണില്‍ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സിനോട് ആദ്യമായി തോല്‍വിയേറ്റതിന്റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത.

മികച്ച പ്രതിരോധ തന്ത്രങ്ങള്‍ പയറ്റുന്ന സ്റ്റീവ് കോപ്പലാണ് എടികെയുടെ കോച്ച്. എന്നാല്‍, കോപ്പലാശാന്റെ മുന്‍ ടീമായ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകള്‍ അടിച്ചു കയറ്റിയത് ഞെട്ടിക്കുന്നതായി.എടികെയെ പോലെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-2ന് എഫ് സി ഗോവയുമായി സമനിലയായി.
എടികെക്കെതിരെ തുടരെ അഞ്ച് മത്സരങ്ങളില്‍ ജയമില്ലാതെ കളം വിട്ട നോര്‍ത്ത് ഈസ്റ്റ് ആ നാണക്കേട് തിരുത്താനുറച്ചാണ്.
എട്ട് തവണ ആകെ കളിച്ചതില്‍ എടികെ അഞ്ച് ജയവുമായി മുന്നിലാണ്. രണ്ട് തോല്‍വിയും ഒരു സമനിലയും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ സംഭവിച്ച പിഴവുകള്‍ പരിഹരിച്ചാകും എടികെ കളത്തിലിറങ്ങുക. പൊസഷന്‍ നിലനിര്‍ത്തി മത്സരത്തില്‍ ആധിപത്യം നേടുവാന്‍ എടികെക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ എവര്‍ട്ടന്‍ സാന്റോസിനെ ഏക സ്‌ട്രൈക്കറാക്കി കെട്ടുറപ്പുള്ള മധ്യനിരയെ പരീക്ഷിക്കാനാകും കോച്ച് സ്റ്റീവ് കോപ്പല്‍ തയ്യാറാവുക. രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരെ നിരത്തിയുള്ള പരീക്ഷണവും പൊളിഞ്ഞിരുന്നു.
പ്രണോയ് ഹാള്‍ദര്‍, നൗസര്‍ എല്‍ മെയ്മൂനി എന്നിവരില്‍ ക്രിയാത്മകമായ സഹായം ലഭിക്കാതെ വന്നത് ആദ്യ മത്സരത്തില്‍ ശരിക്കും നിഴലിച്ചു. പലപ്പോഴും പൊസഷനില്ലാതെയുള്ള ഓടിക്കളി മാത്രമായി എടികെയുടേത്.

ഇത് ന്യൂ ബ്രാന്‍ഡ് ആണ്…

എടികെ തിരിച്ചുവരും. പുതിയ കളിക്കാരടങ്ങുന്ന ബ്രാന്‍ഡ് ന്യൂ ടീമാണിത്. ആറാഴ്ച കൊണ്ട് കളിക്കാര്‍ക്കിടയില്‍ ഒരു താളമുണ്ടാക്കുക എളുപ്പമല്ല. പന്ത് കൈവശം വെച്ച് കളിക്കുന്നതിലാണ് ടീം പിറകിലായത്. അത് പരിഹരിക്കും – കോപ്പല്‍ പറഞ്ഞു.നോര്‍ത് ഈസ്റ്റ് കോച്ച് എല്‍കോ ഷറ്റോറി ആദ്യ മത്സരം സമനിലയായത് മികച്ച റിസള്‍ട്ടായി കാണുന്നു.
പ്രീ സീസണില്‍ വലിയ മത്സരങ്ങള്‍ കളിക്കാത്ത ടീമാണ് തന്റേത്. കളിക്കാരുടെ ഫിറ്റ്‌നെസ് ലെവല്‍ പോലും കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഗോവക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത് ശുഭസൂചനയാണ്.
പുതിയ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബാര്‍തോലോമ്യു ഓഗ്‌ബെചെയുടെ മികവായിരുന്നു ഗോവക്കെതിരെ സമനില നേടിക്കൊടുത്തത്. എടികെയുടെ ഗോള്‍മുഖത്തേക്ക് ക്രിയേറ്റീവ് മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ജസും ഓഗ്‌ബെചെയും മിന്നലാക്രമണങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍.