മോദിയെ പിന്തുണച്ചിട്ടില്ല; പിന്തുണക്കുകയുമില്ല: നിലപാട് തിരുത്തി ശരദ് പവാര്‍

Posted on: October 1, 2018 9:51 pm | Last updated: October 2, 2018 at 9:51 am

മുംബൈ: റാഫേല്‍ ഇടപാടില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചെന്ന ആരോപണത്തിന് മറുപടിയുമായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മോദിയെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മോദിയെ പിന്തുണച്ചെന്ന് ആരോപിച്ച് ചിലര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, താന്‍ മോദിയെ പിന്തുണച്ചിട്ടില്ല. ഇനിയൊരിക്കലും പിന്തുണക്കുകയുമില്ല. എന്തുകൊണ്ടാണ് റഫാല്‍ വിമാനങ്ങളുടെ വില 650 കോടിയില്‍ നിന്ന് 1600 കോടിയായി ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ സംയുക്ത പാര്‍ലിമെന്ററി സമിതിക്കു മുന്നില്‍ വ്യക്തമാക്കണമെന്നും മറാത്ത്‌വാഡയില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവേ പവാര്‍ പറഞ്ഞു.

നേരത്തെ, റാഫേല്‍ ഇടപാടില്‍ മോദിയെ പിന്തുണച്ച പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. പവാറിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ താരിഖ് അന്‍വര്‍ രാജിവച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.പവാറിന്റെ നിലപാട് തള്ളി മകളും എംപിയുമായ സുപ്രിയ സുലെയും രംഗത്തെത്തിയിരുന്നു.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യ ശുദ്ധിയെ ജനം സംശയിക്കില്ലെന്നാണ് ശരത് പവാര്‍ പറഞ്ഞത്. ഒരു മറാഠി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പവാറിന്റെ പരാമര്‍ശം. യുദ്ധവിമാനത്തിന്റെ സാങ്കേതിക വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അര്‍ഥ ശൂന്യമാണ്. എന്നാല്‍ വിലവിവരം പുറത്തുവിടാന്‍ സര്‍ക്കാറിന് സാധിക്കും. വിഷയം വഷളാക്കിയത് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വിശദീകരണങ്ങളാണെന്നും പവാര്‍ പറഞ്ഞിരുന്നു. പവാറിന്റെ പ്രസ്താവനയെ തിടുക്കപ്പെട്ട് സ്വാഗതം ചെയ്ത് ബി ജെ പി രംഗത്തെത്തിയിരുന്നു.