Connect with us

Gulf

ആഗോള തലത്തില്‍ യു എ ഇ പാസ്‌പോര്‍ട്ടിന് 'എട്ടിന്റെ' കരുത്ത്

Published

|

Last Updated

ദുബൈ: ആഗോളതലത്തില്‍ ഒരു പടി കൂടി ഉയര്‍ന്ന് ലോക പാസ്‌പോര്‍ട്ട് സൂചികയില്‍ യു എ ഇ പാസ്‌പോര്‍ട് എട്ടാം സ്ഥാനത്തെത്തി. മുന്‍കൂട്ടി വിസ നേടാതെ യു എ ഇ പൗരന്മാര്‍ക്ക് 158 രാജ്യങ്ങളിലേക്ക് പറക്കാമെന്നതാണ് യു എ ഇ പാസ്‌പോര്‍ട്ടിന് ആഗോളതലത്തില്‍ ആദ്യ പത്തില്‍ ഇടം നേടികൊടുത്തത്. ഒരു വര്‍ഷം മുമ്പ് 130 രാജ്യങ്ങളിലേക്കായിരുന്നു യു എ ഇ പൗരന്മാര്‍ക്ക് ഈ സൗകര്യമുണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് റാങ്കില്‍ ലോകതലത്തില്‍ ആദ്യ അഞ്ചില്‍ ഇടം നേടാനുള്ള യു എ ഇയുടെ ലക്ഷ്യം അടുത്തെത്തിയിരിക്കുകയാണിപ്പോള്‍.

2021ഓടെ ലോകതലത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകളില്‍ ആദ്യ അഞ്ചിലെത്തുകയെന്ന ആഗ്രഹം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2017ലാണ് യു എ ഇ തുടക്കമിട്ടത്.
വിസ ഫ്രീ സൗകര്യത്തോടെ ഓരോ രാജ്യങ്ങളിലുമുള്ള പൗരന്മാര്‍ക്ക് വിവിധ ലോക നഗരങ്ങളിലെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കുന്നത്. യു എ ഇ പാസ്‌പോര്‍ട് ഉപയോഗിച്ച് 132 രാജ്യങ്ങളിലേക്ക് വിസ ഫ്രീ, വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗപ്പെടുത്താനാകും.
ഈ വര്‍ഷം ജൂലൈ ഒന്‍പതിനാണ് പട്ടികയില്‍ യു എ ഇ ആദ്യ പത്തിലെത്തിയത്. സെപ്തംബര്‍ 13ന് യു എ ഇ പാസ്‌പോര്‍ട് 13-ാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസം 24ന് പരാഗ്വയുമായി വിസ ഒഴിവാക്കല്‍ പ്രമാണം ഒപ്പിട്ടത് യു എ ഇയുടെ റാങ്ക് ഉയരാന്‍ സഹായകമായി. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് പുറത്തുവിട്ടത്. യൂറോപ്യന്‍ രാജ്യങ്ങളായ മൊണാക്കോ, ക്രൊയേഷ്യ, ലിഷ്‌റ്റൈന്‍സ്റ്റെയിന്‍, വത്തിക്കാന്‍ സിറ്റി എന്നിവയോട് ചേര്‍ന്നാണ് അറബ് രാജ്യമായ യു എ ഇ പാസ്‌പോര്‍ട്ടിന്റെയും സ്ഥാനം.

ആര്‍ടണ്‍ ക്യാപിറ്റല്‍സ് തയ്യാറാക്കിയ സൂചികയില്‍ സിംഗപ്പൂര്‍, ജര്‍മനി എന്നിവയുടെ പാസ്‌പോര്‍ടാണ് ഒന്നാം സ്ഥാനത്ത്. മേഖലയിലെ മറ്റു രാജ്യങ്ങളില്‍ കുവൈത്ത് 44, ഖത്വര്‍ 48, ബഹ്‌റൈന്‍ 50, സഊദി അറേബ്യ 55, ഒമാന്‍ 58 സ്ഥാനങ്ങളിലാണ്.
കഴിഞ്ഞ ഒരു ദശകത്തിനിടെ വിവിധ മേഖലയില്‍ അതിബൃഹത്തായ വളര്‍ച്ചയാണ് യു എ ഇ നേടിയത്. സാങ്കേതികം, വിദ്യാഭ്യാസം, ധനകാര്യം, അടിസ്ഥാന സൗകര്യം അടക്കമുള്ള മേഖലയില്‍ അസൂയാവഹമായ നേട്ടം യു എ ഇ കൈവരിച്ചു.