Connect with us

Articles

ടൂറിസം: സാധ്യതയും വെല്ലുവിളികളും

Published

|

Last Updated

“ടൂറിസം ആന്റ് ദ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍” എന്നതായിരുന്നു ഈ വര്‍ഷത്തെ വിനോദ സഞ്ചാരദിനത്തിലെ മുദ്രാവാക്യം. ബിഗ്‌ഡേറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവ വഴി ടൂറിസം വികസനത്തിന് രാജ്യങ്ങളെ എങ്ങനെ പ്രാപ്തമാക്കാം എന്ന ആലോചനകളാണ് ഇത് മുന്നോട്ട് വെക്കുന്നത്. ആദ്യമായി മികച്ച ആഗോള ടൂറിസ്റ്റ് സ്റ്റാര്‍ട്ടപ്പ് സംരംഭകരെ കണ്ടെത്താനുള്ള മത്സരം ഇത്തവണ നടക്കുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. പല രാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക മാര്‍ഗങ്ങളില്‍ ഒന്നായി ടൂറിസം മാറിയിട്ടുണ്ട്. ലോകകയറ്റുമതിയില്‍ ടൂറിസത്തിന്റെ സംഭാവന 10 ശതമാനത്തോളമാണിന്ന്.

പുതിയ ലോകത്തെ അറിയാനും കാണാനുമുള്ള സ്വാഭാവിക ആഗ്രഹങ്ങളാണ് എല്ലാ യാത്രകളുടെയും തുടക്കം. മാനസികവും ശാരീരികവുമായ ഉന്മേഷവും പുതിയ കാഴ്ചകളും അനുഭവങ്ങളും തേടാനുള്ള ജന്മവാസനയാണ് സഞ്ചാരപ്രിയതക്ക് കാരണം. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കം കാണുന്നത്. കച്ചവടവും മതപ്രചാരണവും ലക്ഷ്യം വെച്ചുള്ള യാത്രകള്‍ക്ക് വിനോദസഞ്ചാര മേഖലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അത്തരം യാത്രകളാണ് അറിയപ്പെടാത്ത പല ലോകങ്ങളെക്കുറിച്ചുള്ള കൗതുകം ലോകജനതക്ക് കൈമാറിയത്. ഇബ്‌നു ബത്തൂത്ത, അല്‍ ബറൂനി, ഹുയാന്‍ സാങ്, വാസ്‌ഗോഡ ഗാമ, അല്‍ബുക്കര്‍ക്ക്, മഗല്ലന്‍, മാര്‍ക്കോപോളോ, ടോളമി, ഫാഹിയാന്‍ തുടങ്ങിയവര്‍ നടത്തിയിട്ടുള്ള സാഹസിക യാത്രകളെല്ലാം ഇതിനുദാഹരണമാണ്.

ആധുനിക കാലഘട്ടത്തില്‍ സഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ധിച്ചത് 19ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ അരങ്ങേറിയ വ്യാവസായിക വിപ്ലവത്തോടെയാണ്. ഇക്കൂട്ടത്തില്‍ ആദ്യത്തേത് തീവണ്ടി ഗതാഗതത്തിന്റെ ആരംഭമാണ്. 1830ല്‍ ലിവര്‍പൂള്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാത നിലവില്‍വന്നു. തുടര്‍ന്ന്, മറ്റു മുഖ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ നിര്‍മിച്ചുതുടങ്ങി. തുടക്കകാലത്ത് തീവണ്ടി ചരക്കുനീക്കത്തിനാണ് ഉപയോഗിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ ചെലവ് കുറഞ്ഞതും ആകര്‍ഷകവും വേഗമേറിയതുമായ ഒരു യാത്രാ സംവിധാനമായി ഇതുമാറി. 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ഈയൊരു യാത്രാസംവിധാനം ലോകത്താകമാനം വ്യാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആവിക്കപ്പലുകള്‍ കൂടി രംഗത്തെത്തിയതോടെ സമുദ്രഗതാഗത രംഗത്തും വളരെയധികം മുന്നേറ്റങ്ങളുണ്ടായി. ഇത്തരം ഭൂഖണ്ഡാന്തര കപ്പല്‍ യാത്രകള്‍ മനുഷ്യന്റെ സഞ്ചാരസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. ഇതും ടൂറിസം രംഗത്ത് പുതിയ മുന്നേറ്റത്തിന് കാരണമായി.

രണ്ട് ലോക മഹായുദ്ധകാല ഘട്ടങ്ങളില്‍ അരക്ഷിതാവസ്ഥ ടൂറിസത്തെ പിന്നോട്ടടിപ്പിച്ചെങ്കിലും തുടര്‍ന്ന് ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതി സഞ്ചാര ത്വരയുടെ സാക്ഷാത്കാരത്തിനുവേണ്ട ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി എന്നുപറയാം. വാര്‍ത്താ വിനിമയ സൗകര്യത്തിലുണ്ടായ വിപ്ലവം റേഡിയോയില്‍ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് കമ്പ്യൂട്ടറിലേക്കും ടെലിഫോണില്‍ നിന്ന് ഇന്റര്‍നെറ്റിലേക്കുമൊക്കെയുണ്ടായ മാറ്റങ്ങള്‍ പല തലങ്ങളിലും ആഗോള ടൂറിസത്തിന് സഹായകമായി. ഉപഗ്രഹങ്ങള്‍ വഴിയുള്ള കാലാവസ്ഥാ പ്രവചനങ്ങളും ആഗോള വിനോദസഞ്ചാരത്തെ മുന്നോട്ടുനയിച്ചു. ദീര്‍ഘദൂര വിനോദ സഞ്ചാരത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം”ട്രാവലേഴ്‌സ് ചെക്കുകളുടെ ആവിര്‍ഭാവമാണ്. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവില്‍വന്നു. അന്തര്‍ദേശീയ നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകളുടെ ആവിര്‍ഭാവം, ചാര്‍ട്ടേഡ് ടൂറിസത്തിന്റെ വ്യാപനം, തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ ടൂറിസത്തിന്റെ ഉന്നമനത്തിനു കാരണമായിട്ടുണ്ട്.
ഭരണകൂടങ്ങള്‍ ടൂറിസത്തിനു നല്‍കിയ വര്‍ധിച്ച പ്രാധാന്യം, ഐക്യരാഷ്ട്രസഭയും മറ്റും നല്‍കുന്ന ഊന്നല്‍, പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുളള പ്രാമുഖ്യം, വിവിധ രാജ്യങ്ങളിലുള്ള ആസൂത്രിത ടൂറിസം വികസനപദ്ധതികള്‍, ആകര്‍ഷകമായ പ്രചാരണ പരിപാടികള്‍, വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുനടത്തുന്ന മേളകള്‍, ഉത്സവങ്ങള്‍ എന്നിവ സമകാലിക വിനോദസഞ്ചാരത്തിന്റെ വികാസത്തിനുപകരിച്ചു. 1963ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം എന്ന പദവി ടൂറിസത്തിന് നല്‍കി. അതോടെ വ്യാവസായിക രംഗത്തിനു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ടൂറിസത്തിനും കിട്ടുമെന്നായി. ഇത് ആ രംഗത്തെ നിക്ഷേപമുയര്‍ത്തുന്നതിന് കാരണമായി. ഒരു വ്യവസായമെന്ന നിലയില്‍ ടൂറിസത്തിന് രണ്ട് പ്രത്യേകതകളാണുള്ളത്. ഒന്ന് അതിന് നേരിട്ട് വിദേശനാണ്യം ലഭ്യമാക്കുന്നു. മറ്റൊന്ന്, പ്രത്യക്ഷ തൊഴിലവസരങ്ങളോടൊപ്പം അതിലും എത്രയോ മടങ്ങ് പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. പ്രകൃതിവിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും നേരിട്ട് ഉത്പന്നങ്ങളാക്കാവുന്ന ഒരു വ്യവസായം എന്ന സവിശേഷതയും ടൂറിസത്തിനുണ്ട്. അവികസിത രാജ്യങ്ങളിലെ എന്നല്ല വികസിത രാജ്യങ്ങളിലെ പോലും ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളിലൊന്നാണ് ടൂറിസം.

ഏറെ തൊഴില്‍ നല്‍കുന്ന ഒരു വ്യവസായം കൂടിയാണ് വിനോദസഞ്ചാരം. അതിനാല്‍ ടൂറിസം വിദ്യാഭ്യാസ മേഖലയും ഇന്ന് ഏറെ വികാസം പ്രാപിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയില്‍ സൈദ്ധാന്തിക പഠനങ്ങളും പ്രായോഗിക പരിശീലനങ്ങളും നല്‍കുന്ന ഒട്ടനവധി വിദ്യാഭ്യാസ ശാഖകള്‍ നിലവില്‍ വന്നു. തൊഴിലവസരങ്ങള്‍ക്കായി ആളുകളെ പ്രാപ്തരാക്കുക എന്നതുപോലെ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള പരിശീലന പരിപാടികളും ഇതിലുള്‍പ്പെടുന്നു.

ഉന്‍മേഷത്തിനും ആനന്ദത്തിനും മാത്രമല്ല സഞ്ചാരിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിക്കാനും വിനോദസഞ്ചാരത്തിന് കഴിയും. സാംസ്‌കാരിക വിനിമയം എല്ലാ യാത്രകളിലൂടെയും നടന്നിട്ടുണ്ടെന്നതിന് മികച്ച തെളിവ് ഇന്ത്യയില്‍ തന്നെയുണ്ട്. അധിനിവേശത്തിനായുള്ള പടയോട്ടങ്ങളും വാണിജ്യ യാത്രകളും മതപ്രചാരത്തിനായുള്ള യാത്രകളുമെല്ലാം നമ്മുടെ സാംസ്‌കാരിക ലോകത്തെ ഇത്രയേറെ വൈവിധ്യമുള്ളതാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അത് വാസ്തുവിദ്യയിലും ചിത്രകലയിലും ദൃശ്യകലകളിലും ഭാഷയിലും വേഷഭൂഷാദികളിലും ആചാരാനുഷ്ഠാനങ്ങളിലും ഉത്സവാഘോഷങ്ങളിലും നമുക്ക് കാണാനാകും.
1982ലെ പ്രഥമ ഏഷ്യന്‍ ഗെയിംസിന് തലസ്ഥാനനഗരിയായ ഡല്‍ഹി ആതിഥേയത്വം വഹിക്കുന്നതോടെയാണ് ഇന്ത്യന്‍ ടൂറിസത്തിന് പുത്തനുണര്‍വ് കൈവരുന്നത്. അതേ വര്‍ഷം തന്നെയാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ദേശീയ വികസന സമിതി ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നതും. കേന്ദ്ര സര്‍ക്കാര്‍ 1982ല്‍ പ്രഖ്യാപിച്ച പ്രസ്തുത ടൂറിസം നയത്തില്‍ അടിവരയിട്ടു പറയുന്ന കാര്യങ്ങള്‍ ഇവയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രചാരണത്തില്‍ ദേശീയ പാരമ്പര്യ സമ്പത്തുകള്‍ക്ക് ഊന്നല്‍ കൊടുക്കും, സഞ്ചാരികളുടെ അവധിക്കാല സന്ദര്‍ശന കേന്ദ്രങ്ങളായി ഇന്ത്യയിലെ ടൂറിസ്റ്റ് പ്രാധാന്യമുള്ള സ്ഥലങ്ങളെ വികസിപ്പിക്കും. ടൂറിസത്തിന് ഒരു കയറ്റുമതി വ്യവസായത്തിന്റെ പദവി നല്‍കും. ടൂറിസം മേഖലയില്‍ സ്വകാര്യ വ്യവസായികളെ കൂടുതല്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കഴിഞ്ഞ വര്‍ഷം 88 ലക്ഷം വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജി ഡി പിയില്‍ ടൂറിസം മേഖലയുടെ സംഭാവന 9.7 ശതമാനമാണ്. ഏതാണ്ട് 40 ദശലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാനും മേഖലക്കായി.

ഒരു വ്യവസായമെന്ന നിലയില്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ മുന്നേതിരിച്ചറിഞ്ഞവരാണ് മലയാളികള്‍, ഇന്ത്യയിലാദ്യമായി ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചത് കേരളമാണ്; 1986ലായിരുന്നു ഇത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സമുദ്രനിരപ്പില്‍ നിന്ന് 500 മുതല്‍ 2,700 വരെ മീറ്റര്‍ ഉയരമുള്ള പശ്ചിമഘട്ടവും തലങ്ങും വിലങ്ങുമായുള്ള നദികളും കായലുകളും കേരളത്തിലൊരുക്കുന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി എന്തുകൊണ്ടും ടൂറിസത്തിനനുയോജ്യമാണ്. 1990കളില്‍ “കേരളം ദൈവത്തിന്റെ സ്വന്തം നാട്” എന്ന പരസ്യവാചകം നമ്മള്‍ സ്വീകരിച്ചു. 1997ല്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതിയാണ് “വിസിറ്റ് കേരള ഇയര്‍”. ഹെറിറ്റേജ് എക്‌സിബിഷന്‍, സംസ്‌കൃതി ഉത്സവം, കൊച്ചിന്‍ കാര്‍ണിവല്‍, മലബാര്‍ മഹോത്സവം, ഗ്രേറ്റ് എലഫന്റ് മാര്‍ച്ച്, വില്ലേജ് ഫെയര്‍, പരമ്പരാഗത ചികിത്സാക്യാമ്പ് തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ ഈ കാലയളവില്‍ നടന്നു. അന്തര്‍ദേശീയ നിലവാരത്തിലുള്ള പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും നിര്‍മിച്ച് ഇന്ത്യയിലെയും വിദേശത്തെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിച്ച് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും നമുക്കായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മെച്ചപ്പെട്ട വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, റോഡ് റെയില്‍ ഗതാഗത സൗകര്യങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങള്‍, ശുചിത്വം, ഭദ്രമായ ക്രമസമാധാനനില എന്നിവയെല്ലാം കേരള ടൂറിസത്തിന്റെ മുന്നേറ്റത്തിന് മുതല്‍കൂട്ടായി.

അന്തര്‍ദേശീയ തലത്തില്‍ കേരളം നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളം തങ്ങളുടേതായ ഇടം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട ഒരിടം എന്നല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു “ഡെസ്റ്റിനേഷന്‍ പോയന്റ്” എന്ന നിലയില്‍ കേരളം വളര്‍ന്നുകഴിഞ്ഞു. നാഷനല്‍ ജോഗ്രഫിക് ട്രാവലര്‍ ലോകത്തിലെ അനിവാര്യമായും സഞ്ചരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി കേരളത്തെ പ്രഖ്യാപിക്കുകയുണ്ടായി. ആ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ താജ്മഹല്‍. ലോകത്തിലെ പത്ത് മില്ലെനിയം ഹോട്ട്‌സ്‌പോര്‍ട്ടുകളിലൊന്ന് എന്നാണ് കേരളത്തെ എമിറേറ്റ്‌സ് ഇന്‍ഫ്‌ളൈറ്റ് മാഗസിന്‍ വിശേഷിപ്പിച്ചത്. 2017ല്‍ ഏതാണ്ട് 11 ലക്ഷം (10,91,870) വിദേശസഞ്ചാരികളും ഒന്നരകോടിയോളം (1,46,73,520) ആഭ്യന്തര സഞ്ചാരികളും കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രളയാനന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ നവകേരള നിര്‍മിതിയില്‍ ടൂറിസത്തിന് പ്രത്യേകമായ ഊന്നല്‍ നല്‍കേണ്ടതുണ്ട്. നവ കേരള മിഷന്റെ ഭാഗമായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ടൂറിസം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ മടിക്കരുത്. ഒരു പ്രദേശത്തിന്റെ സമ്പത്തിലും പുരോഗതിയിലും വികസനമുന്നേറ്റങ്ങളിലും ടൂറിസം വ്യക്തമായി പങ്കുവഹിക്കുന്നുണ്ടെങ്കില്‍ പോലും ടൂറിസത്തിന് അത്രതന്നെ ദോഷവശങ്ങളുമുണ്ട്. പ്രകൃതിദത്തമായ തീരങ്ങളും തടാകങ്ങളും മലനിരകളും വനഭൂമികളുമൊക്കെ വിനോദസഞ്ചാര, സന്ദര്‍ശന കേന്ദ്രങ്ങള്‍ ആകുകവഴി, പല തരത്തിലും ആക്രമിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്യുന്നു.
സെക്‌സ് ടൂറിസമാണ് ടൂറിസം ഉയര്‍ത്തുന്ന ഏറ്റവും അപകടകരമായ സാമൂഹ്യവിപത്തുകളിലൊന്ന്. എന്തു വില കൊടുത്തും വിദേശനാണ്യം തേടാനുള്ള വ്യഗ്രതയില്‍ പല രാജ്യങ്ങളും ഇതിനടിമപ്പെട്ടിട്ടുണ്ട്. തായ്‌ലാന്‍ഡും ഫിലിപ്പൈന്‍സും ഉദാഹരണങ്ങള്‍ മാത്രം. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ ഭാഗമായി അവിടങ്ങളിലെല്ലാം വന്‍ വിനാശങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീകള്‍ മാത്രമല്ല, കുട്ടികളും ലൈംഗിക വിപണിയില്‍ ഉപയോഗിക്കപ്പെടുന്നു. മയക്കുമരുന്നു വിപണിയെ സജീവമാക്കുന്നുവെന്നതാണ് മറ്റൊരു ദൂഷ്യവശം. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും ഇത്തരം മയക്കുമരുന്ന് എത്തുന്നത് ടൂറിസത്തിന് പേര് കേട്ട ഗോവ പോലുള്ള സ്ഥലങ്ങളില്‍ നിന്നാണ്.

നേട്ടങ്ങളുണ്ടാക്കുന്ന കാരണങ്ങള്‍ തന്നെ കോട്ടങ്ങളുണ്ടാകാനും പോന്നവയാണ് എന്നതാണ് ടൂറിസത്തിലെ ഏറ്റവും വലിയ വൈരുധ്യം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും അത് തൊഴില്‍ തേടിയുള്ള വന്‍ തോതിലുള്ള കുടിയേറ്റങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കരകൗശല രംഗത്തെ ഉണര്‍ത്തുമ്പോഴും അത് ആ രംഗത്തെ വന്‍തോതിലുള്ള വിലക്കയറ്റത്തിനും നിലവാരത്തകര്‍ച്ചക്കും കാരണമാകുന്നു. സാമ്പത്തിക പുരോഗതിക്ക് കാരണമാകുന്നുവെന്ന പോലെ തന്നെ അത് സമ്പന്നതയോടുള്ള ആഭിമുഖ്യത്തിന് കാരണമാവുകയും മോഷണത്തിനും അധോലോകത്തിന്റെ ശക്തിവര്‍ധിക്കുന്നതിനും വിധ്വംസക പ്രവര്‍ത്തതനങ്ങള്‍ക്കും ഒക്കെ വഴിമരുന്നിടുകയും ചെയ്യുന്നു. ഭീകരമായ മറ്റൊരു വസ്തുത ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് പലയിടങ്ങളിലും ടൂറിസം കാരണമായിട്ടുണ്ട് എന്നതാണ്.
വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട വ്യവസായമാണ് ടൂറിസം. വളരെ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക രംഗത്തെല്ലാം അത് മുതല്‍ക്കൂട്ടാകും. എന്നാല്‍ ചെറിയൊരു പാളിച്ച കൊണ്ട് ജനജീവിതത്തെ അപകടത്തിലാക്കാനും ടൂറിസം തന്നെ മതിയാകും.

Latest