Connect with us

Kerala

ചെന്നൈ മെയിലില്‍ യാത്രക്കാരന് വെട്ടേറ്റു; സഹയാത്രികന്‍ പിടിയില്‍

Published

|

Last Updated

തലശ്ശേരി: ചെന്നൈ മെയില്‍ ട്രെയിനില്‍ യാത്രക്കാരന് വെട്ടേറ്റു. മലപ്പുറം കടലുണ്ടിയിലെ ചക്കുങ്കല്‍ വീട്ടില്‍ സെയ്തലി (58)ക്കാണ് വെട്ടേറ്റത്. വലത് കൈയ്ക്കാണ് പരുക്ക്. ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടിക്കടുത്ത പുതിയങ്ങാടിയില്‍ മത്സ്യവില്‍പന തൊഴിലാളിയാണ് സെയ്തലവി.

ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് മെയില്‍ വണ്ടിയിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികനായ തമിഴ് നാട് സ്വദേശി ഗോവിന്ദന്‍ (28) ആണ് അക്രമിച്ചത്. കണ്ണൂരിനും തലശ്ശേരിക്കുമിടയിലാണ് സംഭവം.

കൈവശം കൊടുവാളൂമായി മുകളിലെ ലഗേജ് കാരിയറില്‍ ഇരിക്കുകയായിരുന്ന തെങ്ങ് കയറ്റ തൊഴിലാളിയായ തമിഴ് യുവാവ് മുകളില്‍ നിന്നും ഉപയോഗിച്ച കുപ്പിവെള്ളം താഴെ ഇരുന്ന സെയ്തലവിയുടെ ദേഹത്ത് മറിഞ്ഞുവീണു. ഇത് ചോദ്യം ചെയ്തതോടെ ക്രുദ്ധനായ യുവാവ് കൊടുവാള്‍ വീശി. തടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സൈതലവിയുടെ കൈക്ക് പരുക്കേറ്റത്. അക്രമിയെ ആയുധ സഹിതം മറ്റ് യാത്രക്കാര്‍ പിടികൂടി. വണ്ടി തലശ്ശേരി സ്‌റ്റേഷനിലെത്തിയപ്പോള്‍ ആര്‍ പി എഫിനെ ഏല്‍പിച്ചു.

പരുക്കേറ്റ സെയ്തലവിയെ ആര്‍ പി എഫിന്റെ സഹായത്തോടെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Latest