കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങേണ്ടിവന്നത് ഗൗരവമായി കാണണം: വിഎസ് അച്യുതാനന്ദന്‍

Posted on: September 8, 2018 2:12 pm | Last updated: September 8, 2018 at 5:56 pm
SHARE

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നീതിക്കായി കന്യാസ്ത്രീകള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങേണ്ടി വന്നത് ആതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. പരാതി നല്‍കിയിട്ടും ആരുടെ പേരിലും ബന്ധപ്പെട്ടവര്‍ പ്രത്യക്ഷത്തില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് സഭയിലെ കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്നും വിഎസ് വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. ഉന്നത സ്ഥാനമുള്ള സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടരമാസമായി എല്ലാ സംവിധാനങ്ങള്‍ക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നതെന്നതിനാല്‍ ഇര അനുഭവിക്കുന്നത് വലിയ സമ്മര്‍ദമാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. അന്വേഷണ സംവിധാനങ്ങളില്‍ സമ്മര്‍ദം ചെന്നെത്തുന്നു എന്ന പ്രതീതിയുണ്ടാക്കും വിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പോലീസ് ഇനിയും താമസം വരുത്തരുതെന്നും വിഎസ് പറഞ്ഞു.