Connect with us

National

ഏക സിവില്‍കോഡ് ഇപ്പോള്‍ അനിവാര്യമല്ലെന്ന് നിയമ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് ഈ ഘട്ടത്തില്‍ അനിവാര്യമല്ലെന്ന് നിയമ കമ്മീഷന്‍. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുകയാണ് വേണ്ടതെന്നും നിയമ കമ്മീഷന്‍ വ്യക്തമാക്കി. കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് കമ്മീഷന്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. വിവാഹം, വിവാഹ മോചനം. കുട്ടികളുടെ കസ്റ്റഡി- രക്ഷാകര്‍തൃത്വം, ദത്തെടുക്കലും പരിപാലനവും, പിന്തുടര്‍ച്ചയും സ്വത്തവകാശവും എന്നീ കുടുംബ നിയമങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് നിയമ കമ്മീഷന്‍ പുറത്തിറക്കിയത്. ഏകീകൃത നിയമത്തിന്റെ ആദ്യഘട്ടമെന്ന രീതിയിലാണ് കുടുംബ നിയമങ്ങളുടെ ഏകീകരണ റിപ്പോര്‍ട്ടിനെ കാണുന്നത്. വിവാഹ മോചനവും ജീവനാംശം നല്‍കലും, ഭിന്നശേഷിക്കാരുടെ വിവാഹം സംബന്ധിച്ച അവകാശങ്ങള്‍, സെപ്ഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്‌ട്രേഷന് മുപ്പത് ദിവസത്തെ കാലാവധി, അസമത്വം, വിവാഹത്തിനുള്ള സമ്മതം, വിവാഹം നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ എന്നിവയെ സംബന്ധിച്ചും റിപ്പോര്‍ട്ട് വിശദമായി വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, ഈ ഘട്ടത്തില്‍ ഏകീകൃത സിവില്‍കോഡ് അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കണം. ഓരോ സമുദായത്തിനും അകത്തുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത ഉറപ്പാക്കാനാണ് നിയമ നിര്‍മാണ സഭകള്‍ ആദ്യം ശ്രമിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം സമുദായങ്ങള്‍ തമ്മില്‍ തുല്യത ഉണ്ടാക്കലല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. വൈവിധ്യങ്ങള്‍ ഉള്ളതുകൊണ്ട് വിവേചനമുണ്ടെന്ന് അര്‍ഥമില്ല. വൈവിധ്യങ്ങള്‍ കരുത്തുറ്റ ജനാധിപത്യത്തിന്റെ സൂചകങ്ങളാണ്. വ്യക്തി നിയമങ്ങളില്‍ ലിംഗ നീതി ഉറപ്പാക്കണം. വ്യക്തി നിയമങ്ങളുടെ വൈവിധ്യം നിലനിര്‍ത്താം. വ്യക്തി നിയമങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. മതവിശ്വാസത്തിനും തുല്യതക്കുമുള്ള അവകാശങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്ത്രീകള്‍ തിരഞ്ഞെടുത്താല്‍ മതിയെന്ന് പറയുന്നത് ശരിയല്ല. തുല്യതക്കുള്ള അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സ്ത്രീകള്‍ക്ക് മതസ്വാതന്ത്രത്തിനുള്ള അവകാശം നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവാഹിതരാകാനുള്ള പ്രായം നിയമത്തില്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ നിശ്ചയിക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിവാഹ നിയമ പ്രകാരം വരന് 21 വയസ്സും വധുവിന് 18 വയസ്സും എന്നതാണ് നിലവിലെ വിവാഹ പ്രായം. വധു വരനേക്കാള്‍ ഇളയതാകണമെന്ന രീതി മാറ്റിയാല്‍ മാത്രമേ തുല്യത ഉറപ്പാക്കാന്‍ ആകൂവെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. മുസ്‌ലിം വ്യക്തി നിയമത്തില്‍ അനന്തരവകാശം സംബന്ധിച്ച നിയമത്തില്‍ പരിഷ്‌കരണം നിര്‍ദേശിക്കുന്നുണ്ട്. ദത്തെടുക്കല്‍ നിയമം സംബന്ധിച്ച് ജുവൈനല്‍ ജസ്റ്റിസ് ആക്ട് എല്ലാ സമുദായങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടുവെക്കുന്നു. നിയമം ഭേദഗതി ചെയ്ത് എല്ലാ വ്യക്തികള്‍ക്കും ഇത് ബാധകമാക്കമെന്നാണ് നിര്‍ദേശം.