തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാകുമ്പോള്‍

Posted on: August 25, 2018 9:24 am | Last updated: August 24, 2018 at 9:25 pm
SHARE

ഇത്തവണ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനാകില്ലെന്ന നിലപാട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് ആവര്‍ത്തിച്ചിരിക്കുന്നു. രണ്ട് തിരഞ്ഞെടുപ്പുകളും ഒന്നിച്ചാക്കണമെന്ന് ആ വശ്യപ്പെട്ട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ രണ്ടാഴ്ച മുമ്പ് നിയമ കമ്മീഷന് കത്തെഴുതിയിരുന്നു. എന്നാല്‍, കൃത്യമായ നിയമ നിര്‍മാണവും ഭരണഘടനാ ഭേദഗതിയുമില്ലാതെ അത് പ്രായോഗികമല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അന്ന് തന്നെ മറുപടി നല്‍കുകയും ചെയ്തു. ഈ നിലപാടിന് അടിവരയിടുകയായിരുന്നു വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ഒ പി റാവത്ത്. അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുകയാണെങ്കില്‍ ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറക്കുകയോ നീട്ടുകയോ വേണം. ഇതിന് ഭരണഘടനാ ഭേദഗതിക്ക് പുറമെ കൂടുതല്‍ വി വി പാറ്റ് യന്ത്രങ്ങളും കൂടുതല്‍ പോലീസ് സേനയെയും ഉദ്യോഗസ്ഥരെയും ലഭ്യമാക്കുകയും വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി വി പാറ്റുകളും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനിപ്പോള്‍. സെപ്തംബര്‍ അവസാനത്തോടെ 13.95 ലക്ഷം ബാലറ്റ് യൂനിറ്റുകളും 9.3 കണ്‍ട്രോള്‍ യൂനിറ്റുകളും നവംബര്‍ അവസാനത്തോടെ 16.15 ലക്ഷം ബാലറ്റ് യൂനിറ്റുകളും തയ്യാറാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുകയാണെങ്കില്‍ 24 ലക്ഷം ഇ വി എമ്മുകള്‍ സജ്ജീകരിക്കേണ്ടിവരും. പൊതുതിരഞ്ഞെടുപ്പിന് വേണ്ടതിന്റെ ഇരട്ടിയോളം വരുമിത്. ഇതേറെ ശ്രമകരമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാത്തീസ്ഗഢ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നീ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ബി ജെ പിയുടെ പദ്ധതി. ഇതു സംബന്ധിച്ചു ഈ വര്‍ഷാദ്യത്തിലേ ബി ജെ പി കേന്ദ്ര നേതൃത്വം, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചന നടത്തുകയും ഈ ആശയത്തിന് പ്രചാരണം നല്‍കാന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്് ഈ നീക്കത്തിന് തിരിച്ചടിയായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമെന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരെ ഒന്നിച്ചു നടത്തണമെന്നാണ് മോദിയുടെ നിര്‍ദേശം. ‘ഒരു ഇന്ത്യ ഒറ്റ തിരഞ്ഞെടുപ്പ്’ എന്നാണ് മോദി ഉയര്‍ത്തുന്ന മുദ്രാവാക്യം. 2024 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്ന നിര്‍ദേശം നിതി ആയോഗും മുന്നോട്ട് വെച്ചിരുന്നു. 2017ലെ റിപ്പബ്ലിക് ദിനസന്ദേശത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇതിനെ പിന്തുണച്ചു. പണച്ചെലവും സമയവും ലാഭിക്കാനാകുമെന്നാണ് ഒന്നിച്ചു നടത്തുന്നതിന്റെ ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രചാരണം ഒന്നിച്ചാകുന്നത് സര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണകരമാകുമെന്നും നിതി ആയോഗ് വിലയിരുത്തുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനോട് പ്രതിപക്ഷ കക്ഷികള്‍ക്ക് പൊതുവേ യോജിപ്പില്ല. ജൂലൈ ആദ്യത്തില്‍ നിമയ കമ്മീഷന്‍ ഇതുസംബന്ധിച്ചു രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഭൂരിപക്ഷം പാര്‍ട്ടികളും എതിര്‍ക്കുകയാണുണ്ടായത്. ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തന്നെ സന്നദ്ധമല്ലെന്ന് അറിയിച്ച് സി പി എം ഉള്‍പ്പെടെ ചില കക്ഷികള്‍ നിമയകമ്മീഷനുമായുള്ള കൂടിക്കാഴ്ച തന്നെ ബഹിഷ്‌കരിക്കുകയായിരുന്നു. ജനാധിപത്യവിരുദ്ധവും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമാണ് ഒറ്റ തിരഞ്ഞെടുപ്പ് ആശയമെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി അഭിപ്രായപ്പെട്ടത്. സ്വന്തം പ്രതിച്ഛായ വളര്‍ത്തുന്നതിനുള്ള പരസ്യങ്ങള്‍ക്കായി പൊതു ഖജനാവില്‍ നിന്ന് 4,600 കോടി ചെലവിട്ട മോദി ചെലവ് ചുരുക്കലിന്റെ പേരില്‍ തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കണമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഒരു പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള അഞ്ച് വര്‍ഷ കാലാവധിക്കിടെ പല ഘട്ടങ്ങളിലായി കടന്നുവരുന്ന നിയമ സഭാ തിരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാര്‍ക്ക് പലപ്പോഴും ആ സംസ്ഥാനത്തെ ഭരണ കക്ഷിയോടൊപ്പം കേന്ദ്ര ഭരണകക്ഷിയെയും വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ്. ഈ തിരഞ്ഞെടുപ്പു ഫലം കേന്ദ്രഭരണ കക്ഷിക്ക് വീണ്ടുവിചാരത്തിന് അവസരവും നല്‍കുന്നു. ഇത് ജനാധിപത്യത്തിന് ശക്തിപകരും. മറിച്ചാകുമ്പോള്‍ ഏകാധിപത്യ പ്രവണത ഉടലെടുക്കാന്‍ അവസരമൊരുക്കിയേക്കും. സാമ്പത്തിക പ്രശ്‌നത്തേക്കാള്‍ ഭരണഘടനക്കും ജനാധിപത്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ കാലാവധി കഴിഞ്ഞ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താതെ പകരം സംസ്ഥാനങ്ങളില്‍ മാസങ്ങളോളം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത് ഏകാധിപത്യത്തിനും അരാജകത്വത്തിനും വഴിവെക്കുമെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി പി ഡി ടി ആചാരിയെ പോലുള്ള രാഷ്ട്രീയ മീമാംസകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നിച്ചാകുന്നത് പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലമാക്കാനുള്ള രാഷ്ട്രീയ കുതന്ത്രമാണെന്ന സന്ദേഹവും ഉയരുന്നുണ്ട്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതില്‍ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമായിരിക്കണം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങേണ്ടത്.