ഭൂകമ്പകാലത്ത് ഗുജറാത്തിലേക്ക്‌വിദേശ സഹായം ഒഴുകി

Posted on: August 24, 2018 9:03 am | Last updated: August 24, 2018 at 11:36 am
SHARE

ന്യൂഡല്‍ഹി: രാജ്യം നേരിട്ട പ്രധാന ദുരന്തങ്ങളിലൊന്നായിരുന്ന 2001 ലെ ഗുജറാത്ത് ഭൂകമ്പകാലത്ത് സ്വീകരിച്ചത് വന്‍തോതിലുള്ള വിദേശ സഹായങ്ങള്‍. അന്ന് രാജ്യം ഭരിച്ചിരുന്ന ബി ജെ പി സര്‍ക്കാര്‍ തന്നെയായിരുന്നു ഇതിന് മുന്‍ കൈ എടുത്തിരുന്നത്. ഭൂകമ്പ കാലത്ത് എ ബി വാജ്പയിയുടെ നേതൃത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സമൂഹത്തോട് സഹായം അഭ്യര്‍ഥിക്കുകയും കോടികളുടെ സഹായം സ്വീകരിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ വിദേശ കാര്യമന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ സമയത്ത് വിദേശ രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ അഭ്യര്‍ഥിച്ച് വാജ്പയി എഴുതിയ കത്തുകളും പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പ കാലത്ത് ആസ്‌ത്രേലിയ പലതവണയായി 25 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളറിന്റെ സഹായമാണ് ഗുജറാത്തിന് നല്‍കിയത്. ആദ്യം 1,000,000 ഡോളറാണ് പ്രഖ്യാപിച്ചത്.

ഇത് യു എന്‍ വഴി നല്‍കുമെന്നും അറിയിച്ചു. പിന്നീട് 15 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍ കൂടി നല്‍കി. ഇത് ഒരു സന്നദ്ധ സംഘടന വഴിയാണ് നല്‍കിയത്. ഇതുകൂടാതെ ധാരാളം വസ്ത്രങ്ങളും മരുന്നും ആസ്‌ത്രേലിയ ഗുജറാത്തിലെത്തിച്ചു. മറ്റൊരു വികസിത രാജ്യമായ ആസ്ത്രിയയും ഉദാരമായ സംഭാവനയാണ് ഗുജറാത്ത് ‘ഭൂകമ്പ ദുരിതാശ്വാസത്തിന് നല്‍കിയത്. 330,000 യൂറോയാണ് ആസ്ത്രിയ പണമായി മാത്രം നല്‍കിയത്. കാരിറ്റാസ് ആസ്ത്രിയ എന്ന സംഘടന 75,000 യൂറോയാണ് സഹായ ധനമായി നല്‍കിയത്. ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശ് പോലും ഗുജറാത്തിന് ഈ സമയത്ത് സഹായം നല്‍കി. ചൈന 602,000 അമേരിക്കന്‍ ഡോളര്‍ ധനസഹായം നല്‍കിയപ്പോള്‍ ബംഗ്ലാദേശ് 20,000 ടണ്‍ അരിയും 12 അംഗ മെഡിക്കല്‍ സംഘത്തെയും ഗുജറാത്തിലേക്ക് അയച്ചിരുന്നു.

പാക്കിസ്ഥാന്‍ ബ്ലാഗറ്റുകളും ഭക്ഷണസാധനങ്ങളും ഗുജറാത്തിലെത്തിച്ചു. ബെല്‍ജിയം 920,000 ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കി. ‘ഭൂട്ടാന്‍ സര്‍ക്കാര്‍ രണ്ട് കോടി സഹായധനമായി നല്‍കി. ബോട്‌സ്‌വാന 20,000 യുഎസ് ഡോളര്‍ നല്‍കി. ക്യൂബ 10 ലക്ഷം യു എസ് ഡോളര്‍, ചെക്ക് റിപ്പബ്ലക്ക് 50,000 യുഎസ് ഡോളര്‍, ഡെന്‍മാര്‍ക്ക് മൊത്തം 2,434,000 യുഎസ് ഡോളറിന്റെ സഹായവും നല്‍കി. 3,00,000 ഡോളറാണ് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് സഹായധനമായി യുണിസെഫ് വഴി ഒഴുകിയത്. 420 ദശലക്ഷം ജാപ്പനീസ് യെന്‍ ആണ് (17 കോടി രൂപ) ജപ്പാന്‍ സഹായമായി നല്‍കിയത്. 250,000 ഡോളറിന്റെ ധനസഹായമാണ് കുവൈത്തില്‍ നിന്നും ലഭിച്ചത്. മാലിദ്വീപില്‍ നിന്നുള്ള 25,000 ഡോളറിന്റെ ചെക്ക് പ്രത്യേക ദൂതന്‍ വന്ന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മലേഷ്യയും പ്രത്യേക ദുതന്‍ വഴി 100,000 ഡോളര്‍ കൈമാറി. മൗറീഷ്യസ് പ്രധാനമന്ത്രിയും 30 ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തു.

ന്യൂസിലാന്റ് 200,000 അമേരിക്കന്‍ ഡോളറിന്റെ സഹായം നല്‍കി. തായ്‌വാന്‍ 100,000 ഡോളര്‍ ധനസഹായം ചെയ്തപ്പോള്‍ ബ്രിട്ടന്‍ 10 ദശലക്ഷം പൗണ്ടാണ് ഗുജറാത്തിന് നല്‍കിയത്. യു എ ഇ, സഊദി അറേബ്യ, വിയറ്റ്‌നാം എന്നിവരും സഹായം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here