Connect with us

Kerala

ഹബ്ശി സാദാത്തുക്കളുടെ വേരുകള്‍ തേടി അമേരിക്കന്‍ ഗവേഷകസംഘം തിരൂരങ്ങാടിയില്‍

Published

|

Last Updated

തിരൂരങ്ങാടി: പ്രവാചക പരമ്പരയിലെ പ്രമുഖ കുടുംബമായ ഹബ്ശി സാദാത്തുക്കളെകുറിച്ച് പഠനം നടത്താന്‍ അമേരിക്കയിലെ ഗവേഷക സംഘം തിരൂരങ്ങാടിയില്‍. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫ. സാമുവല്‍ ആന്റേഴ്‌സണ്‍, പെന്‍സാലിയ സര്‍വകലാശാലയിലെ പ്രൊഫ. നീലിമ ചന്ദ്രന്‍ എന്നിവരാണ് തിരൂരങ്ങാടിയിലെത്തിയത്.
ഇസ്‌ലാമിക ചരിത്രത്തി ല്‍ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയായ ഹബ്ശി കുടുംബത്തെക്കുറിച്ച് പ്രാഥമികമായി പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ഇരുവരെയും ഈ കുടുംബത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ പ്രേരിപ്പിച്ചത്. ഹബ്ശി കുടുംബം താമസിക്കുന്ന കക്കാട്ടെ വീടും തിരൂരങ്ങാടി വലിയപള്ളിക്ക് സമീപമുള്ള ഹബ്ശി മഖാമും ഇവിടത്തെ ഖബറിടവും ഇവര്‍ സന്ദര്‍ശിച്ചു.

യമനിലെ ഹളര്‍ മൗത്തി ല്‍ നിന്നാണ് ഹബ്ശി തങ്ങന്മാര്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കുടുംബം താമസിക്കുന്നതായി ഇവര്‍ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിരൂരങ്ങാടിയില്‍ ഈ കുടുംബത്തിന് 200 വര്‍ഷത്തെ പഴക്കമുള്ളതായി തെളിയിക്കുന്ന സില്‍സില(പരമ്പര രേഖ)യും ഇവര്‍ക്ക് ലഭിച്ചു. ഇവരുടെ ജീവിതരീതി, സംസ്‌കാരം എന്നിവയും സംഘം പഠനവിധേയമാക്കും.

ആഫ്രിക്ക, ഹളര്‍മൗത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഏഷ്യയിലെ വിവിധ ഭാഗങ്ങളിലെത്തിയ പ്രത്യേക ഖബീല(കുടുംബം)കളെക്കുറിച്ചും സംഘം പഠനം നടത്തുന്നുണ്ട്. ഹബ്ശി കുടുംബാംഗമായ ജുനൈദ് തങ്ങള്‍ കക്കാട്, പി എസ് എം ഒ കോളജ് ചരിത്രവിഭാഗം മേധാവി ഡോ. പി പി അബ്ദുര്‍റസാഖ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.