തുടക്കം ഹിന്ദിവിരുദ്ധ സമരത്തില്‍

Posted on: August 8, 2018 6:14 am | Last updated: August 8, 2018 at 12:15 am

1938ല്‍ തിരുവാരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ നിന്നു കൊണ്ടാണ് കരുണാനിധി തന്റെ രാഷ്ട്രീയ ജൈത്രയാത്ര തുടങ്ങുന്നത്. അഞ്ച് ഊഴം തമിഴ്‌നാട് മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവായി. കേന്ദ്ര ഭരണസഖ്യത്തിന്റെ നിര്‍മിതിയില്‍ കിംഗ് മേക്കറായി. ഡി എം കെയുടെ പ്രസിഡന്റ് പദവി അദ്ദേഹം അലങ്കരിച്ചത് നീണ്ട അമ്പത് വര്‍ഷമാണ്. ഈ ജൂലൈ 27നായിരുന്നു അധ്യക്ഷ പദവിയില്‍ അര്‍ധ ശതകം തികച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ:

1938- ഹിന്ദി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കി. അന്ന് അദ്ദേഹം എഴുതിയ കവിത പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു.
1949- പില്‍ക്കാലത്ത് ഡി എം കെയുടെ സര്‍വസ്വമായി വളര്‍ന്നുവെങ്കിലും 1949 സെപ്തംബര്‍ 17ന് റോയാപുരം റോബിന്‍സണ്‍ പാര്‍ക്കില്‍ ഡി എം കെ പിറന്നു വീഴുമ്പോള്‍ കരുണാനിധി ആ ചടങ്ങില്‍ ഉണ്ടായിരുന്നില്ല.
1957- കൂലിതലൈയില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 13 തവണ അദ്ദേഹം നിയമസഭയിലെ കരുത്തുറ്റ ശബ്ദമായി.
1969 ഫെബ്രുവരി 9- ഡി എം കെ നിമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി.
1969 ജൂലൈ 27- ഡി എം കെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഡി എം കെയുടെ സ്ഥാപക നേതാവായ സി എന്‍ അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
1971- ഡി എം കെ 184 സീറ്റ് നേടി ചരിത്രം കുറിച്ചു. ഇന്ദിരാഗാന്ധിക്ക് ലോക്‌സഭയായിരുന്നു ലക്ഷ്യം. അതുകൊണ്ട് കോണ്‍ഗ്രസ് ഒരു സീറ്റിലും നിയമസഭയിലേക്ക് മത്സരിച്ചില്ല.
1976 ജനുവരി 31- അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഡി എം കെ സര്‍ക്കാര്‍ പരിച്ചുവിട്ടു.
1980- 76ല്‍ തന്റെ സര്‍ക്കാര്‍ പിരിച്ചു വിട്ട കോണ്‍ഗ്രസുമായി തന്നെ ഡി എം കെ ലോക്‌സഭയിലേക്ക് കൈകോര്‍ത്തു. എം ജി ആര്‍ സര്‍ക്കാറിനെ പിരിച്ചു വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റ് കോണ്‍ഗ്രസിന് നല്‍കി സഖ്യമായി മത്സരിച്ചു. അമ്പേ പരാജയപ്പെട്ടു. വിജയം എം ജി ആറിനൊപ്പം.
1989- 13 വര്‍ഷത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രി. എ ഐ ഡി എം കെയുടെ പടയോട്ടം അവസാനിപ്പിക്കാന്‍ എം ജി ആര്‍ മരിക്കും വരെ കാത്തിരിക്കേണ്ടി വന്നു.
1991 ജനുവരി 30- ഡി എം കെ സര്‍ക്കാര്‍ പിരിച്ചു വിട്ടു.
1991- രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഡി എം കെ ജയിച്ചത് രണ്ട് സീറ്റില്‍ മാത്രം.
1996- കോണ്‍ഗ്രസ് പിളര്‍ന്ന് ജി കെ മൂപ്പനാര്‍ തമിഴ്മാനിലാ കോണ്‍ഗ്രസുമായി വന്നപ്പോള്‍ കരുണാനിധി അദ്ദേഹത്തോട് സഖ്യത്തിലായി. അധികാരത്തില്‍ തിരിച്ചെത്തി. കേന്ദ്രത്തില്‍ ദേവ ഗൗഡയുടെ സഖ്യത്തില്‍ ചേര്‍ന്നു.
1999- ബി ജെ പിയുമായി കരുണാനിധി കൈകോര്‍ക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ പാര്‍ട്ടി ചേര്‍ന്നു.
2004- വീണ്ടും കോണ്‍ഗ്രസ് സഖ്യം. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം.
2006- അഞ്ചാം തവണ മുഖ്യമന്ത്രി.
2014- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക്. പരാജയം.
2016- ഡി എം കെ പ്രതിപക്ഷത്ത്.