കേരളത്തോടുള്ള ബി ജെ പിയുടെ ഈറകള്‍

Posted on: August 7, 2018 9:24 am | Last updated: August 6, 2018 at 8:28 pm
SHARE

കേരളം നിരന്തരമായി കേന്ദ്രത്തില്‍ നിന്നുള്ള അവഗണനക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. പല പദ്ധതികളുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ഇതിനെ ശരിവെക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തോട് എന്തിനാണ് ഇത്തരമൊരു മനോഭാവം വെച്ച് പുലര്‍ത്തുന്നത്? ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണാതെ വയ്യ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാറി പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ പാശ്ചാത്തലം വ്യത്യസ്തമായത് കൊണ്ടാണ് കേന്ദ്രം ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നത്.

ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വര്‍ഗീയ ആശയങ്ങള്‍ കേരളത്തില്‍ ആത്രവേഗത്തില്‍ വിലപ്പോകുന്നില്ല. പല തവണ കിണഞ്ഞ് ശ്രമിച്ചിട്ടും കാര്യമായ വളര്‍ച്ച നേടാന്‍ കേരളത്തില്‍ ബി ജെ പിക്കായിട്ടില്ല. ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ കേരളത്തില്‍ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെത്തി ചരടുവലി നടത്തി. ഇങ്ങനെയൊക്കെയായിട്ടും വേണ്ടത്ര ഫലം കണാനായില്ല. അത്തരം ഒരു സംസ്ഥാനത്തെ വേണ്ട രൂപത്തില്‍ പരിഗണിക്കേണ്ടതില്ല എന്ന കാഴ്ചപ്പാടിലാണ് മോദി സര്‍ക്കാറുള്ളത്. മറ്റൊന്ന് കേരളത്തില്‍ നിലവിലുള്ള ഭരണകൂടത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം. ഇതു കൂടി കണ്ടിട്ടാകാം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശങ്ങളും വികസനങ്ങളും തടഞ്ഞ് വെച്ച് കേരളത്തില്‍ ‘ഭരണപരാജയം’ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പും ഈ അവഗണന ഉണ്ടായിരുന്നെങ്കിലും ഇത്ര ശക്തമായിരുന്നില്ല. മോദി സര്‍ക്കാറിന്റെ വരവോടെയാണ് നിരന്തരം അവഗണന ഏറ്റുവാങ്ങേണ്ടി വന്നത്. നിരവധി പദ്ധതികളില്‍ വാഗ്ദാന ലംഘനവുമുണ്ടായി.

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രം എടുത്തിരിക്കുന്ന നിലപാട് അത്യന്തം വിവേചന പൂര്‍ണമാണ്. കഴിഞ്ഞ 36 വര്‍ഷമായി കേരളം ഈ വാഗ്ദാന ലംഘനത്തിന്റെ ഇരയാണ്. പ്രഖ്യാപിച്ച പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടും പാലക്കാട് കോച്ചുഫാക്ടറി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുള്ളത്. അതേസമയം ഹരിയാനയിലും ഉത്തര്‍പ്രദേശിലും പുതിയ കോച്ചുഫാക്ടറി ആരംഭിക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രം. എന്നാല്‍, യു പി എ സര്‍ക്കാറിന്റെ കാലത്ത് തന്നെ ഈ അവഗണ തുടരുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. 2008ലെ ബജറ്റില്‍ പാലക്കാടും റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു. റായ്ബറേലിയിലെ കോച്ചുഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുകയും കേരളത്തെ അവഗണിക്കുകയുമാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പദ്ധതിയുടെ കാര്യത്തിലും തത്തുല്യമായ നിലപാട് തന്നെയാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനത്തിന് എയിംസ് അനുവദിച്ച് കിട്ടുന്നതിന് നരവധി തവണയാണ് കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിയുമായും സംസ്ഥാന ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിയുമായും ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാര്‍ ശത്രുതാപരമായ മനോഭാവമാണ് സംസ്ഥാനത്തോട് വെച്ച് പുലര്‍ത്തിയത്.

ആദ്യഘട്ടത്തിലുണ്ടായ കേന്ദ്രത്തിന്റെ അനുകൂല നിലപാട് അനുസരിച്ച് കേന്ദ്രം ആവശ്യപ്പെട്ട സ്ഥലം കോഴിക്കോട് കിനാലൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഈ വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതാണ്. പക്ഷേ ഫലമുണ്ടായില്ല. ഇന്ത്യയിലെ മറ്റ് 17 സംസ്ഥാനങ്ങള്‍ക്കും പല സമയങ്ങളിലായി എയിംസ് അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബജറ്റില്‍ ഝാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് യൂനിറ്റ് വീതം അനുവദിച്ചപ്പോഴും കേരളത്തെ തഴയുകയാണുണ്ടായത്. അവസാനമായി, എയിംസ് കേരളത്തിന് അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയില്‍ അറിയിച്ചതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. മുമ്പ് പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലും കഴിഞ്ഞ ജൂണില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലും ജെ പി നദ്ദ ഉറപ്പ് നല്‍കിയ പദ്ധതിയാണിതെന്നോര്‍ക്കണം.

സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയിലും കേരളത്തോടുള്ള വിവേചനം പ്രകടമാക്കിയിരിക്കുകയാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. ഇന്‍ഡിക്കേറ്റീവ് ബജറ്റ് പ്രഖ്യാപനത്തില്‍ പ്രസ്തുത പദ്ധതിയില്‍ സംസ്ഥാനത്തിനായി അനുവദിച്ചത് 413 കോടി രൂപയാണ്. എന്നാല്‍ ഇത് 206.06 കോടിരൂപയാക്കി വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ്. ബി ജെ പി ഭരിക്കുന്നതും പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ളതുമായ ഇതര സംസ്ഥാനങ്ങള്‍ക്ക് വന്‍തുക വകയിരുത്തുമ്പോള്‍ വിദ്യാഭ്യാസ പരമായി ഏറെ മുന്നിട്ട് നില്‍ക്കുന്ന കേരളത്തിന് ഉള്ളത് വെട്ടിച്ചുരുക്കുന്നതിലൂടെ രാഷ്ട്രീയപരമായ ശത്രുതാ മനോഭാവമാണ്് മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നതെന്ന് വ്യക്തമാകുന്നു.

ഉത്തര്‍ പ്രദേശിന് 4773.10 കോടിയും രാജസ്ഥാന് 2717.18 കോടിയും മധ്യപ്രദേശിന് 2406.60 കോടിയും തമിഴ്നാടിന് 1422 കോടിയും അനുവദിച്ചിടത്താണ് കേരളത്തിന്റെ ഉള്ള സംഖ്യ വെട്ടിക്കുറച്ചിരിക്കുന്നത്. എസ് എസ് എയുടെ ഫണ്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന് 730 കോടി രൂപ ആവശ്യമാണെന്ന് ശക്തമായി ഉന്നയിച്ചപ്പോള്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയ മാനവ വിഭവ ശേഷി മന്ത്രാലയം അനുവദിച്ച തുക പകുതിയോളം കുറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇങ്ങനെ നിരവധി പദ്ധതികളില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പെരുമാറ്റമാണ് കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത്.

നോട്ട് നിരോധന കാലത്തും കേരളത്തെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ഉപയോഗിച്ചു കേന്ദ്രം. പണം മാറ്റി നല്‍കുന്നതിന് മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അവശ്യത്തിന് പണം ലഭ്യമാക്കിയപ്പോള്‍ കേരളത്തിന് ആവശ്യത്തിനുള്ള പണം നല്‍കാതെ തടഞ്ഞ് വെക്കുകയായിരുന്നു. ഇത് ജനത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് പുലര്‍ത്തുന്നത് കൊണ്ടാണ് ഒരു പ്രധാനമന്ത്രിക്ക് ഈ രൂപത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിന്റെ കീഴ്‌വഴക്കം പോലും ലംഘിക്കുന്ന തലത്തിലാണ് അവഗണന ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. ഇന്ത്യ എന്ന യൂനിയന്‍ ഗവണ്‍മെന്റിന് കീഴില്‍ സംസ്ഥാനങ്ങളില്‍ കൃത്യമായ ഒരു ഭരണകൂടം പ്രവര്‍ത്തിക്കുന്നതാണ് ഫെഡറല്‍ സംവിധാനം. ഓരോ സംസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണുള്ളത്. ഭരണ നിര്‍വഹണത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ളത് പോലെത്തന്നെ സംസ്ഥാനങ്ങള്‍ക്കും അധികാരങ്ങള്‍ നിര്‍വചിക്കപ്പെട്ടിണ്ട്. ഭരണഘടനയുടെ 11 ാം ഭാഗത്തില്‍ അതേകുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഈ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കലും നിര്‍വഹിക്കലും ഫെഡറല്‍ സംവിധാനത്തിന്റെ സന്തുലിതാവസ്ഥക്ക് അനിവാര്യമാണ്. എന്നാല്‍ മോദി സര്‍ക്കാറിന്റെ കീഴില്‍ കേരളത്തിന് ഇത് പലപ്പോഴും യഥാര്‍ഥ്യമാകുന്നില്ല.

അതിന്റെ വ്യക്തമായ ഉദാഹരണമാണ് കീഴാറ്റൂര്‍ വിഷയത്തില്‍ കണ്ടത്. സംസ്ഥാന സര്‍ക്കാറിനെ പാടെ ഒഴിവാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് മന്ത്രി സമരസമിതിക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്. ഉറപ്പിന് എത്രമത്രം ബലമുണ്ടെന്നത് വേറെകാര്യം. കഴിഞ്ഞ കാല അനുഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അത് കണ്ടറിയുക തന്നെ വേണം. ഏതായാലും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ നോക്കു കുത്തിയാക്കുന്ന തരത്തിലുള്ള കേന്ദ്രത്തിന്റെ നിലപാടുകള്‍ അത്ര അഭികാമ്യമല്ല.

അതുപോലെത്തന്നെ വിവിധ ആവശ്യങ്ങളുമായി വിവിധ ഘട്ടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാന മന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും തിരിച്ചയക്കുകയാണുണ്ടായത്. ചരിത്രത്തിലാദ്യമായിരിക്കും ഒരു ഫെഡറല്‍ സംവിധാനത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടം ഇത്രയും ലാഘവത്തോടെ സംസ്ഥാന സര്‍ക്കാറിനോട് പെരുമാറുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പച്ചയായ ലംഘനമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here