തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചു; ഇതുവരെ 835,487 പേര്‍ ഹജ്ജിനെത്തി

Posted on: August 6, 2018 11:49 pm | Last updated: August 7, 2018 at 11:22 am
SHARE

മക്ക: ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇതുവരെ 835, 485 പേര്‍ ഹജ്ജിനെത്തിയതായി സഊദി പാസ്സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാന മാര്‍ഗ്ഗം 803,753, കപ്പല്‍ വഴി 9382, കരമാര്‍ഗ്ഗം 22,352 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്. ഹാജിമാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വിമാന മാര്‍ഗ്ഗം ഇതുവരെ 93,425 ഹാജിമാരാണ് സഊദിയില്‍ എത്തിച്ചേര്‍ന്നത്. മക്കയില്‍ 88,622 പേരും മദീനയില്‍ 4,623 ഹാജിമാരും എത്തി. ഇതിനായി 347 വിമാന സര്‍വീസുകളാണ് നടത്തിയത്.

ജിദ്ദ വിമാനത്താവളം വഴി കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന ഹജ്ജിനെത്തിയ ഹാജിമാര്‍ പ്രവാചക നഗരിയായ മദീനയിലെത്തി. ഈ ആഴ്ച മദീനയില്‍ തങ്ങുന്ന ഹജ്ജ് സംഘങ്ങള്‍ ദുല്‍ഹജ്ജ് ആദ്യ വാരത്തില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയിലേക്ക് തിരിക്കും. ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന 46,323 തീര്‍ഥാടകാരാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്നത്.