വ്യാജ ഉത്പന്നങ്ങളുടെ വിപണനം; 4,879 സാമൂഹിക മാധ്യമ അക്കൗണ്ടുകളും 30 വെബ്‌സൈറ്റുകളും പൂട്ടിച്ചു

Posted on: August 6, 2018 4:41 pm | Last updated: August 6, 2018 at 7:01 pm
SHARE

ദുബൈ: വ്യാജ ഉത്പന്നങ്ങള്‍ വിറ്റ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്കും വെബ് സൈറ്റുകള്‍ക്കുമെതിരെ ദുബൈ സാമ്പത്തിക കാര്യ വിഭാഗം നടപടി സ്വീകരിച്ചു. നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,879 സാമൂഹിക മാധ്യമ അക്കൗണ്ടുകളും 30 വെബ് സൈറ്റുകളുമാണ് വ്യാജ ഉത്പന്നങ്ങളുടെ വിപണനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പൂട്ടിച്ചത്. സാമ്പത്തികകാര്യ വകുപ്പിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വിഭാഗമാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ട ത്. 3.35 കോടി ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകള്‍ വരെ നടപടി നേരിട്ടവയില്‍ പെടും. വിവിധ ലോകോത്തര ബ്രാന്‍ഡുകളുടെ അധികൃതരുമായി സഹകരിച്ചാണ് അധികൃതരുടെ നടപടി.

ബ്രാന്‍ഡ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇ കോമേഴ്സ് വ്യാപാര മേഖലയിലെ അശുഭകരമായ പ്രവണതകളെ ചെറുക്കുന്നതിനുമാണ് നടപടി. സുസ്ഥിരവും ലോകോത്തരവുമായ വ്യാപാര അന്തരീക്ഷം ദുബൈയില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സാമൂഹ്യ മാധ്യമ രംഗം കൂടുതല്‍ വ്യാപാര ശൃംഖലകള്‍ കെട്ടിപ്പടുക്കുന്ന കാലമാണിത്. വിശ്വാസയോഗ്യമല്ലാത്ത വ്യാപാര രീതികള്‍ തുടരുന്നത് ഈ രംഗത്ത് അഭികാമ്യമല്ല. മികച്ച ഉത്പന്നങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് വകുപ്പിന് കീഴിലെ ഐ പി ആര്‍ വിഭാഗത്തിലെ സംഘം നിതാന്ത നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു. വ്യാജ ഉത്പന്നങ്ങളുടെ വിപണനം തടയുന്നതിന് സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാമ്പത്തിക കാര്യ വിഭാഗത്തിന് കീഴിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഇബ്രാഹിം ബെഹ്സാദ് പറഞ്ഞു.

ലോകോത്തര നിര്‍മാതാക്കളുടെ ബാഗുകള്‍, പെര്‍ഫ്യൂംസ്, വാച്ചുകള്‍, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വ്യാജ പതിപ്പുകളാണ് വിപണിയില്‍ എത്തിച്ചിരുന്നത്. ഇവ വിപണനം നടത്തിയ ഷോപ്പുകള്‍ക്കും സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രങ്ങള്‍ക്കുമെതിരെയും നടപടികള്‍ സ്വീകരിച്ചിരുന്നു. വ്യാജ ഉത്പന്നങ്ങളുടെ വിപണനം ശ്രദ്ധയില്‍പെട്ടാല്‍ സാമ്പത്തിക കാര്യ വകുപ്പിന്റെ 600545555 എന്ന നമ്പറിലോ @dubai consumers എന്ന ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയോ പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here