Connect with us

Kerala

കലക്ടര്‍ പാലാഴിയിലെത്തി, ഫാത്വിമയെ കാണാന്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോടിന്റെ നന്മയുടെ വഴിയില്‍ ഒരു പൂമരം പോലെ നില്‍ക്കുന്ന ഫാത്വിമയെ കാണാന്‍ കലക്ടര്‍ യു വി ജോസ് പാലാഴിയിലെ വീട്ടിലെത്തി. ആലപ്പുഴയിലെയും കോട്ടയത്തെയും മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പത്രത്തില്‍ വായിച്ച് ഫാത്വിമ കഴിഞ്ഞ ദിവസം തന്നാലാകുന്ന സഹായമെത്തിച്ചിരുന്നു.

വളര്‍ത്തുമകന്‍ പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഫഹദ് താന്‍ കാത്തുസൂക്ഷിച്ചുവെച്ച മണ്‍കുടുക്കയിലെ നാണയത്തുട്ടുകള്‍ കൊടുത്ത് ബിസ്‌കറ്റ്, അഞ്ച് കിലോ അരിപ്പൊടി, അഞ്ച് കിലോ ഗോതമ്പ് പൊടി തുടങ്ങിയവയാണ് അവര്‍ ഡി ടി പി സി ഹാളിലെത്തി കലക്ടര്‍ക്ക് കൈമാറിയത്. കലക്ടര്‍ ഇന്നലെ ഫാത്വിമയുടെ വീട്ടിലെത്തുമ്പോള്‍ അധികം ആരുമറിഞ്ഞിരുന്നില്ല. ഫഹദിനെ കണ്ട് കലക്ടര്‍ വാത്സല്യത്തോടെ തലോടി. മിടുക്കനായി പഠിക്കാന്‍ ഉപദേശിച്ചു. അപ്പോഴേക്കും കലക്ടറുടെ വാഹനം ഫാത്വിമയുടെ വീട്ടിനു മുന്നില്‍ കണ്ട് പരിസരവാസികളെല്ലാം ഓടിക്കൂടി. “മോനെ ഒരാള്‍ക്കുള്ള ഭക്ഷണം പത്താള്‍ക്ക് തിന്നാം, പത്താള്‍ക്കുള്ള ഭക്ഷണം ഒരാള്‍ക്ക് പറ്റുലല്ലോ. അതേ ഞമ്മള് ചെയ്തിട്ട് ള്ളൂ…” അനാഥരുടെ മയ്യത്ത് കുളിപ്പിക്കാനും ആരോരുമില്ലാത്തവര്‍ക്ക് അത്താണിയാകാനും ഫാത്വിമ എന്നും മുന്നിലുണ്ടാകും.

വയനാട്ടിലെ ആദിവാസി കുടിലുകളിലും ഫാത്വിമ കുടുംബക്കാരെ എല്ലാം കൂട്ടി അരിയും ചെമ്മീനും പലഹാരങ്ങളുമായി പോകുന്ന പതിവുണ്ട്. ഇതെല്ലാം കണ്ടാണ് ഫഹദും കുടുക്ക പൊട്ടിക്കാന്‍ തയ്യാറായത്. മാസങ്ങള്‍ക്ക് മുമ്പ് പാലാഴിയില്‍ സ്‌നേഹവീട് സമര്‍പ്പിക്കാന്‍ കലക്ടര്‍ വരുന്നതും കാത്തിരുന്ന ഓര്‍മ നാട്ടുകാര്‍ പങ്കുവെച്ചു. ഇപ്പോള്‍ ആ കലക്ടര്‍ വീട്ടില്‍ വന്നു. നാട്ടുകാര്‍ പറഞ്ഞു.

കലക്ടറുടെ ഭാര്യ പീസമ്മയും കോഴിക്കോട് തഹസില്‍ദാര്‍ അനിതകുമാരിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനനും കൂടെയുണ്ടായിരുന്നു. ഒമ്പത് ലോറി നിറയെ ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിത സ്ഥലങ്ങളിലേക്ക് കോഴിക്കോടിന്റെ സ്‌നേഹ സമ്മാനമായി അയച്ചിരുന്നു.