Connect with us

National

യതീംഖാനകള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ യതീംഖാനകള്‍ക്ക് ബാലനീതി നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ ബാധകമാക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ബാലനീതി നിയമത്തിനു കീഴില്‍ യതീംഖാനകള്‍ വരില്ലെന്ന പരാതി സംബന്ധിച്ച് വിശദമായി പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാറിന്റെ നടപടി ചോദ്യം ചെയ്ത് വിവിധ യതീംഖാനാ മാനേജ്‌മെന്റുകളും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സമര്‍പ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സുപ്രീം കോടതി ബഞ്ച് വിചാരണക്കിടയില്‍ പരാമര്‍ശം നടത്തിയത്.
ബാലനീതി നിയമപ്രകാരം ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ തങ്ങളുടെ കീഴിലുള്ള യതീംഖാനകളില്‍ ഉണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പാര്‍ലിമെന്റ് പാസ്സാക്കിയ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിയമപ്രകാരമാണ് യതീംഖാനകള്‍ പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ബോര്‍ഡിന് അധികാരമുണ്ട്. ബാലനീതി നിയമത്തില്‍ പറയുന്നതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ യതീംഖാനകളിലുണ്ട്. യതീഖാനകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ആവശ്യെമങ്കില്‍ ഇക്കാര്യം സര്‍ക്കാറിന് പരിശോധിക്കാവുന്നതാണെന്നും യതീംഖാനകളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ യതീംഖാനകള്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്നും ബാലനീതി നിയമപ്രകാരവും ശിശു സംരക്ഷണ നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചു. യതീംഖാനകള്‍ക്ക് ഇളവുനല്‍കിയാല്‍ ഭാവിയില്‍ പല സ്ഥാപനങ്ങളും ഒഴികഴിവുകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണ് കേസില്‍ അന്തിമ വിധി വരുന്നതുവരെ യതീംഖാനകള്‍ക്ക് മേല്‍ ബാലനീതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ കോടതിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കുന്നത് വരെയാണ് നിര്‍ദേശമെന്ന് വ്യക്തമാക്കി ആവശ്യം കോടതി നിരസിച്ചു.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരുടെ സാമ്പത്തിക സഹായത്തോടെ അവരില്‍ നിന്നുള്ള ദരിദ്ര പശ്ചാത്തലമുള്ളവര്‍ക്കും അനാഥര്‍ക്കും എല്ലാ സൗകര്യത്തോടെയും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് യതീംഖാനയെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി. അതിലെ അന്തേവാസികളുമായി ബന്ധുക്കള്‍ പതിവായി ബന്ധപ്പെടാറുണ്ട്. ഇതിനാല്‍ തന്നെ ശിശുസംരക്ഷണ സമിതിയുടെ മേല്‍നോട്ടമോ ഇടപെടലോ ആവശ്യമില്ല. ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ അതിന്റെ ആത്മീയ, ന്യൂനപക്ഷ സ്വഭാവം നഷ്ടപ്പെടും. യതീംഖാനകള്‍ എന്ന പദവിയും ഇല്ലാതാകും. യതീംഖാനകളിലെ അന്തേവാസികള്‍ ശിശു സംരക്ഷണ സമിതിക്കു കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റപ്പെടാനും സാധ്യതയുണ്ട്. അതുവഴി കുറ്റവാസനയുള്ളവരടക്കമുള്ള കുട്ടികളോടൊപ്പം യതീംഖാനാ അന്തേവാസികളും കഴിയേണ്ട സാഹചര്യം ഉണ്ടാവുകയും യതീംഖാനാ നടത്തിപ്പ് ചുമതല ശിശു സംരക്ഷണ സമിതിക്ക് വരികയും നടത്തിപ്പില്‍ നിന്ന് നിലവിലെ കമ്മിറ്റികള്‍ പുറത്താവുകയും ചെയ്യും. ബഹുഭൂരിഭാഗം യതീംഖാനകളും വഖ്ഫ് സ്വത്താണെന്നും ഹരജിക്കാര്‍ വാദിച്ചു.
കേസ് നേരത്തെ പരിഗണിക്കുന്നതിനിടെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത യതീംഖാനകളുടെ വിവരങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാ ല്‍ ഇന്നലെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിമര്‍ശിച്ച കോടതി, ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest