കാന്തപുരത്തിന്റെ സേവനങ്ങള്‍ അങ്ങേയറ്റം മാതൃകാപരം: മന്ത്രി കണ്ണന്താനം

Posted on: July 4, 2018 7:26 pm | Last updated: July 4, 2018 at 7:26 pm
SHARE
മര്‍കസില്‍ സംഘടിപ്പിച്ച നോളജ്‌സിറ്റി സ്റ്റുഡന്റസ് വില്ലേജിന്റെ ശിലാസ്ഥാപന ചടങ്ങ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്നു

കാരന്തൂര്‍: പരിശ്രമവും സ്വപ്നങ്ങളും വലിയ ലോകങ്ങള്‍ കീഴടക്കാന്‍ ഏതൊരാളെയും സഹായിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ നിലവില്‍ വരുന്ന സ്റ്റുഡന്റസ് വില്ലേജിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെയാകെ സ്വാധീനിക്കുന്ന തരത്തില്‍ മര്‍കസ് സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പ്രചോദനമായത് നിശ്ചയദാര്‍ഢ്യമാണ്. ദൈവം തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ആണ് സൃഷ്ടിച്ചതെന്ന ബോധ്യം ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും അത്ഭുതകരമായ ഇടപെടലുകള്‍ നടത്താനാകും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമൂഹത്തിനായി നടത്തുന്ന സേവനങ്ങള്‍ അങ്ങേയറ്റം മാതൃകാപരമാണ്. അത്ഭുതകരമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന പണ്ഡിതന്‍ എന്ന നിലയിലാണ് താന്‍ അദ്ദേഹത്തെ കാണുന്നത്- മന്ത്രി പറഞ്ഞു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷ പ്രസംഗം നടത്തി.

മര്‍കസ് നോളജ് സിറ്റിയില്‍ ഹരിതാഭമായ പച്ചപ്പില്‍ സ്ഥാപിക്കുന്ന സ്റ്റുഡന്റസ് വില്ലേജ് അത്യാധുനിക വൈജ്ഞാനിക സൗകര്യങ്ങളോടെ ഉന്നതമായ വിദ്യാഭ്യാസം നേടുന്ന രാഷ്ട്രാന്തര വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വസിക്കാനും സര്‍ഗാത്മക പ്രവര്‍ത്തങ്ങള്‍ സജീവമാക്കാനുമുള്ള കേന്ദ്രമായിരിക്കും. സൗകര്യപ്രദമായ താമസസ്ഥലങ്ങള്‍, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ആരോഗ്യനികേതനം, ഹെല്‍ത്തി ഫുഡ്, പ്രകൃതി സൗഹൃദ വാസ്തുവിദ്യ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റുഡന്റസ് വില്ലേജില്‍ നോളജ് സിറ്റിയില്‍ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനാകും. വിദ്യാര്‍ഥികളുടെ പഠനസമയം പോലെ തന്നെ പ്രധാനമാണ്, അക്കാദമിക ബാഹ്യസമയങ്ങളില്‍ അവരിടപെടുന്ന പരിതഃസ്ഥിതിയെന്നും ഏറ്റവും നവീനവും ആധുനികവും പൗരാണികവുമായ ആര്‍ക്കിടെക്ചര്‍ സൗന്ദര്യം ഉപയോഗിച്ചാണ് സ്റ്റുഡന്റസ് വില്ലേജിന്റെ നിര്‍മാണം നടക്കുകയെന്നും മര്‍കസ് നോളജ്‌സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
മന്ത്രി കണ്ണന്താനത്തിനുള്ള മര്‍കസിന്റെ ഉപഹാരം ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സമ്മാനിച്ചു. പി ടി എ റഹീം എം എല്‍ എ, മര്‍കസ് നോളജ്‌സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അമീര്‍ ഹസന്‍, ബഷീര്‍ പാടാളിയില്‍ പ്രസംഗിച്ചു.