തച്ചങ്കരിയുടെ കത്തിനെതിരെ മുതിര്‍ന്ന ഐ പി എസുകാര്‍

Posted on: July 2, 2018 11:12 am | Last updated: July 2, 2018 at 11:12 am

തിരുവനന്തപുരം: ഐ പി എസ് അസോസിയേഷന്റെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും അസോസിയേഷന്്് ബൈലോ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുള്ള എ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ നീക്കത്തില്‍ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കും കണ്‍ഫേര്‍ഡ് ഐ പി എസുകാര്‍ക്കും അമര്‍ഷം. അസോസിയേഷന്‍ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജില്ലകളിലെ ഐ പി എസുകാരുടെ ഒപ്പുവാങ്ങുന്നതിനായി കൊണ്ടുപോയ കത്തില്‍ ഒപ്പുവെക്കാന്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരും തയാറായിട്ടില്ല. യോഗം ഇപ്പോള്‍ വിളിക്കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും.

അടുത്ത മാസം അഞ്ചിന് യോഗം വിളിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഐ പി എസ്്് ഉദ്യോഗസ്ഥരുടെ ഒപ്പ് വാങ്ങിയതിന് ശേഷം കത്ത് ഐ പി എസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ പി പ്രകാശിന് ഇന്നോ നാളെയോ കൈമാറും.
കഴിഞ്ഞ ദിവസം കത്തുമായി ചില മുതിര്‍ന്ന ഐ പി എസ്്് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നെങ്കിലും അവരാരും കത്തില്‍ ഒപ്പുവെച്ചിരുന്നില്ല. അസോസിയേഷന്റെ അടിയന്തിര യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും ഐ പി എസ് അസോസിയേഷന്‍, ഐ പി എസ്്് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചാര്‍ട്ടര്‍ മാത്രമാണെന്നും അതിനാല്‍ ബൈലോ ആവശ്യമില്ലെന്നുമാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്. അതിനിടെ ഇപ്പോള്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ താന്‍ തയാറല്ലെന്ന് പി പ്രകാശും വ്യക്തമാക്കിയിരുന്നു.

പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ ഐ പി എസ് അസോസിയേഷന്‍ തയാറായില്ലെന്ന ആരോപണമാണ് തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് ആസ്ഥാനത്ത്് വിളിച്ച് ചേര്‍ത്ത പോലീസ് ഉന്നതതലയോഗത്തിന് പിന്നാലെ ഒരു വിഭാഗം ഐ പി എസ് ഉദ്യോഗസ്ഥര്‍ സമാന്തര യോഗം ചേര്‍ന്ന് ഐ പി എസ് അസോസിയേഷന്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍, ഈ യോഗത്തില്‍ നിലവിലെ ഭാരവാഹികളും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരും പങ്കെടുത്തില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐ പി എസ് തലത്തില്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഒരു ബദല്‍ വിഭാഗം ഐ പി എസ് ഉദ്യോഗസ്ഥര്‍ ശക്തമായി രംഗത്ത് വരികയായിരുന്നു. ബറ്റാലിയന്‍ എ ഡി ജി പിയായിരുന്ന സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലും ഐ പി എസ് ഉദ്യോഗസ്ഥര്‍ പോലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അസോസിയേഷന്റെ ഭാഗത്ത് നിന്ന് പ്രതിരോധം ഉണ്ടാകാത്തതില്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത നീരസം ഉണ്ടായിരുന്നു.

ഐ പി എസ് അസോസിയേഷന്റെ യോഗം വിളിയ്ക്കുന്നതിനെ ചൊല്ലി നേരത്തെയും അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഋഷിരാജ് സിംഗും സെക്രട്ടറി മനോജ് എബ്രഹാമും രാജിവച്ചിരുന്നു. പിന്നീട് പ്രസിഡന്റായി ഡി ജി പി എ ഹേമചന്ദ്രനെയും സെക്രട്ടറിയായി സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശിനെയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നാമനിര്‍ദേശം ചെയ്തിരുന്നു.