Connect with us

National

താങ്ങുവില വര്‍ധിപ്പിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി:നെല്ലിന്റെ സംഭരണ പാക്കേജ് പുനര്‍നിര്‍ണയിക്കണമെന്നും താങ്ങുവില വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് കേരളം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി തിലോത്തമനും കൃഷി മന്ത്രി വി എസ് സുനില്‍കുമാറും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന് നിവേദനം നല്‍കി.
സംസ്ഥാനത്തിന്റെ ഭക്ഷ്യ ദൗര്‍ലഭ്യം പരിഗണിച്ച് അരിയുടെ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നും പൊതുവിതരണ സംവിധാനത്തില്‍ പയര്‍ വര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രിമാര്‍ കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് താങ്ങുവില നല്‍കി അഞ്ച് ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുന്നുണ്ട്. കേന്ദ്ര നെല്ലുസംഭരണ പദ്ധതിയനുസരിച്ച് നൂറ് കിലോ നെല്ലില്‍ നിന്ന് 68 കിലോ അരി ലഭിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ താങ്ങുവിലയും സംസ്‌കരണ, വിതരണ ചെലവും നല്‍കി നെല്ല് സംഭരിക്കാനാകൂ എന്നാണ് വ്യവസ്ഥ. എന്നാല്‍, സമുദ്ര നിരപ്പില്‍ താഴെയുള്ള പാടത്ത് കൃഷി ചെയ്യുന്ന കുട്ടനാട്ടിലും അമ്ലാംശം കൂടുതലുള്ള കരിനിലങ്ങളിലും അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള ഇതര കൃഷി ഭൂമികളിലും നിന്ന് സംഭരിക്കുന്ന നെല്ലില്‍ നിന്ന് 68 കിലോ ലഭിക്കില്ലെന്ന് മില്ലുടമകള്‍ പരാതിപ്പെട്ടിരുന്നു. കേന്ദ്ര വ്യവസ്ഥ അനുസരിച്ച് തൂക്കം ലഭിക്കണമെന്നുള്ളതിനാല്‍ നൂറ് കിലോയില്‍ കൂടുതല്‍ നെല്ല് എത്തിച്ചുകൊടുക്കാന്‍ മില്ലുടമകള്‍ കര്‍ഷകരെ നിര്‍ബന്ധിച്ചുവരികയാണ്. ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിന് വഴിതെളിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തു. യോഗ തീരുമാനമനുസരിച്ച് കൃഷി, പൊതുവിതരണ, കര്‍ഷക, മില്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തുന്നതിനും തീരുമാനിച്ചു. സമിതി നടത്തിയ പഠനത്തില്‍ നൂറ് കിലോ നെല്ലില്‍ നിന്ന് പരമാവധി 64 കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭരണ പാക്കേജ് പുനര്‍നിര്‍ണയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
നെല്ല് സംഭരിക്കുന്നതിനും നിശ്ചിത സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമുള്ള കടത്തുകൂലി കര്‍ഷകര്‍ക്ക് അനുവദിക്കണമെന്നും ഉത്പാദനത്തിന് ആനുപാതികമായ ഉത്പാദന ബോണസ് നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ രാഷ്ട്രീയ കൃഷി വികാസ് യോജന, ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് എന്നിവയിലൂടെയുള്ള സാമ്പത്തിക സഹായത്തില്‍ വന്‍കുറവാണ് കുറേ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
1.54 ലക്ഷം പേരാണ് റേഷന്‍ മുന്‍ഗണനാ പട്ടികയിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം തയ്യാറാക്കിയ പട്ടിയില്‍ നിന്ന് 54 ശതമാനം പേര്‍ പുറത്തായെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഇതുമൂലം ഭക്ഷ്യവിഹിതം 14 ലക്ഷം ടണ്‍ ആയി കുറഞ്ഞു. അരിക്ക് വില കൂടിയാല്‍ മൊത്തത്തില്‍ വില ഉയരുന്ന സ്ഥിതിയാണ്. അതിനാല്‍ ടൈഡ് ഓവര്‍ അലോട്ട്‌മെന്റ് വര്‍ധിപ്പിക്കണം. ഒരാള്‍ക്ക് അഞ്ച് കിലോ അരി ലഭ്യമാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. അരി, ഗോതമ്പ്, മണ്ണെണ്ണ കൂടാതെ പയര്‍ വര്‍ഗങ്ങളുടെ അളവും കൂട്ടണം. കേരളത്തിലെ പൊതുവിതരണ സംവിധാനം ഇനിയും മെച്ചപ്പെടുത്താനുള്ള സഹായമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, വിഹിതം പരിമിതപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് തിലോത്തമന്‍ പറഞ്ഞു.