Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിനങ്ങള്‍ നാളെ മുതല്‍

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് അടുത്ത ദിവസങ്ങളിലുണ്ടാകുകയെന്ന് അധികൃതര്‍. മധ്യ വേനലവധി ദിനങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു വിനോദങ്ങള്‍ക്കും ഉല്ലാസയാത്രകള്‍ക്കും പോകുന്നവരെ കൊണ്ട് ദുബൈ വിമാനത്താവളം തിരക്കേറുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
11 ലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി വിദേശങ്ങളിലേക്ക് പറക്കാന്‍ തയാറെടുക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ, മധ്യ വേനലവധിക്കാലത്തെ തിരക്കേറിയ ദിനങ്ങള്‍ക്ക് ഒരുങ്ങി കഴിഞ്ഞു. നാളെ മുതലാണ് ദുബൈ വിമാനത്താവളത്തില്‍ തിരക്കേറുക. ജൂലൈ എട്ട് വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തില്‍ തിരക്കേറുന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേര്‍ന്ന് യാത്രാ നടപടികള്‍ ആരംഭിക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് കൊമേര്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യൂഗെനെ ബാരി പറഞ്ഞു.

ദുബൈ വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ തിരക്ക് നേരിടാന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അതിവിപുലമായ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയോടെ സുഗമമായി യാത്ര ചെയ്യുന്നതിന് എല്ലാ വകുപ്പുകളുമായി ചേര്‍ന്ന് ഉന്നത സൗകര്യങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള അത്യാധുനിക സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയോഗിച്ചു യാത്രാ നടപടികളിലെ കാല താമസം ഒഴിവാക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഓപറേറേന്‍സ് വൈസ് പ്രസിഡന്റ് ഈസ അല്‍ ഷംസി പറഞ്ഞു.

ദുബൈ വിമാനത്താവളത്തില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്ന കണ്‍വെയറിന് 175 കിലോമീറ്റര്‍ നീളമാണുള്ളത്. മണിക്കൂറില്‍ 25,000 ബാഗേജുകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പാകത്തില്‍ മൂന്ന് വ്യതിരിക്തമായ ബാഗേജ് ഹാന്‍ഡ്ലിംഗ് സമ്പ്രദായമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരക്കേറിയ സമയത്തും ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകള്‍ ആയാസരഹിതമാണ്. യാത്രാസമയം ക്രമീകരിച്ചു വിമാനത്താവളത്തിലെത്തിയാല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കാത്തിരിപ്പ് വേള ആസ്വാദകരമാക്കുന്നതിനുള്ള വിവിധ പദ്ധതികളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.
വിവിധയിടങ്ങളില്‍ നിന്ന് ലഭിക്കുന്ന എയര്‍പോര്‍ട്ട് മാഗസിന്‍ കരസ്ഥമാക്കി പ്രത്യേക വൗച്ചറുകളോടൊപ്പം റെസ്റ്റോറന്റുകളിലും മറ്റിടങ്ങളില്‍ നിന്നും ഡിസ്‌കൗണ്ടുകള്‍ കരസ്ഥമാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.