Connect with us

Kerala

മത്തി കേരളതീരം വിട്ടില്ല; ലഭ്യതയില്‍ മൂന്ന് മടങ്ങ് വര്‍ധന

Published

|

Last Updated

കൊച്ചി: കേരളതീരത്ത് മത്തിയുടെ ലഭ്യത മൂന്ന് മടങ്ങ് കൂടിയതായി കണ്ടെത്തല്‍. കഴിഞ്ഞ കുറേ വര്‍ഷമായി കേരളതീരത്തു നിന്ന് മത്തിയടക്കം നേരത്തെ സുലഭമായിരുന്ന മീനുകളെല്ലാം വലിയ തോതില്‍ കുറഞ്ഞുവരികയാണെന്ന ആശങ്കക്കിടെയാണ് മത്സ്യപ്രിയര്‍ക്ക് പ്രതീക്ഷ നല്‍ നല്‍കുന്ന പുതിയ പഠന റിപ്പോര്‍ട്ട് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഇന്നലെ പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ സമുദ്രമത്സ്യ ലഭ്യതയില്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനവുണ്ടായെന്ന് നിരീക്ഷിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടിലാണ് മത്തിയുടെ തിരിച്ചുവരവ് സമുദ്ര മത്സ്യമേഖലക്ക് ഉണര്‍വ് പകര്‍ന്നെന്ന് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞവര്‍ഷം 5.85 ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിന്റെ തീരങ്ങളില്‍ നിന്ന് പിടിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം മത്തിയാണ് കണക്കാക്കുന്നത്. 1.7 ലക്ഷം ടണ്‍ മത്തിയാണ് കഴിഞ്ഞവര്‍ഷം പിടിച്ചത്. 2016ല്‍ മത്തിയുടെ ലഭ്യത കേവലം 45,000 ടണ്‍ മാത്രമായിരുന്നു. 2012ന് ശേഷം ആദ്യമാണ് മത്തിയുടെ ലഭ്യതയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. കേരളത്തില്‍ മത്തി കൂടിയപ്പോള്‍, ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണുണ്ടായതെന്നും ചൂണ്ടിക്കാട്ടുന്നു.
മത്തിയുടെ തിരിച്ചുവരവോടെ ദേശീയ തലത്തില്‍ മത്സ്യലഭ്യതയില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. മത്തി ലഭ്യതയില്‍ ഗുജറാത്താണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനത്തുള്ളത്. തമിഴ്‌നാടാണ് രണ്ടാമത്. ദേശീയതലത്തില്‍ മത്തിയുടെ ലഭ്യത ഇക്കുറി 38 ശതമാനമാണ് കൂടിയത്(ഇന്ത്യയില്‍ ആകെ 3.37 ലക്ഷം ടണ്‍).

അതിരുകടന്നുള്ള മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മത്തി കുറയാന്‍ പ്രധാന കാരണങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ചെറുമീനുകളെ പിടിക്കുന്നത് അടക്കമുള്ള മത്സ്യബന്ധന നിയന്ത്രണങ്ങള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മത്സ്യലഭ്യത കൂടാന്‍ കാരണമായിട്ടുണ്ടെന്ന് സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, മത്തി കൂടിയെങ്കിലും സംസ്ഥാനത്ത് അയല ഇത്തവണയും കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാണ് കുറവ്. മത്തി, ചെമ്മീന്‍, തിരിയാന്‍, കണവ വിഭാഗങ്ങള്‍, കിളിമീന്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച അഞ്ച് മത്സ്യയിനങ്ങള്‍. അയല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്തി കൂടാതെ, പാമ്പാട, ചെമ്മീന്‍, കൂന്തള്‍, കിളിമീന്‍ എന്നിവയും ഇത്തവണ കൂടി. അയല, നെയ്മീന്‍, മാന്തല്‍, കൊഴുവ, ചെമ്പല്ലി എന്നിവയാണ് മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞ മത്സ്യങ്ങള്‍. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവു മികച്ച സമുദ്രമത്സ്യോത്പാദനമാണ് ഇത്തവണത്തേതെന്ന് സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സി എം എഫ് ആര്‍ ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് വിഭാഗമാണ് കണക്കുകള്‍ തയ്യാറാക്കിയത്.

Latest