ഫെഡറലിസത്തിന്റെ സംരക്ഷണത്തിന്

Posted on: June 19, 2018 10:08 am | Last updated: June 19, 2018 at 10:08 am

ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ എട്ട് ദിവസമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും നടത്തിവരുന്ന സമരത്തിന് ദേശീയതലത്തില്‍ പിന്തുണ വര്‍ധിച്ചുവരികയാണ്. ഡല്‍ഹി സര്‍ക്കാറിനോടുള്ള ഐ എ എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍ ജെ ഡി എം പി മനോജ് ഝാ തുടങ്ങിയവര്‍ നേരിട്ടെത്തി അഭിവാദ്യങ്ങള്‍ അറിയിക്കുകയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരി തുടങ്ങിയവര്‍ പിന്തുണയറിയിക്കുകയും ചെയ്തു.

ലഫ്.ഗവര്‍ണര്‍ പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ വസതിയില്‍ ഭാര്യ സുനിതയെ കണ്ടാണ് മുഖ്യന്ത്രിമാര്‍ പിന്തുണ അറിയിച്ചത്. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം നടന്ന ആം ആദ്മി-സി പി എം മാര്‍ച്ചില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഡല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ശേഷം ഡല്‍ഹി കണ്ട ഏറ്റവും വലിയ പ്രകടമായിരുന്നു ഇത്. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാര്‍ച്ചിലെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.

സമരം കെജ്‌രിവാളിനെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്. ബി ജെ പിക്കെതിരെ രൂപപ്പെടുന്ന വിശാല സഖ്യത്തിലേക്ക് കെജ്‌രിവാളിന് കൂടി കടന്നുവരാന്‍ സമരം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയമായി ദേശീയ തലത്തില്‍ അത്ര സ്വീകാര്യതയുള്ള നേതാവായിരുന്നില്ല ദിവസങ്ങള്‍ മുമ്പുവരെ കെജ്‌രിവാള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചപ്പോഴും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ ബി ജെ പി ഇതരരുടെ സംഗമത്തിലേക്കും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ സമരത്തോടെ സ്ഥിതി മാറിയിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് സമരത്തെ പിന്തുണക്കുന്നില്ലെന്ന് മാത്രമല്ല, പാര്‍ട്ടി നേതാക്കള്‍ അതിനെ പരിഹസിക്കുകയുമാണ്. പ്രതിപക്ഷ ഐക്യത്തിനായി ശക്തമായി വാദിക്കവെ സമരത്തോട് കോണ്‍ഗ്രസ് കാണിക്കുന്ന നിസ്സഹകരണം വിമര്‍ശ വിധേയമായിട്ടുണ്ട്. ഡല്‍ഹിയില്‍ ഒന്നര പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് വിരാമമായത് ആംആദ്മിയുടെ മുന്നേറ്റമാണെന്നതാണ് പാര്‍ട്ടിയുടെ കെറുവിന് കാരണം. കെജ്‌രിവാളിനെ പിന്തുണച്ചാല്‍ ഡല്‍ഹിയില്‍ പ്രാദേശികമായി കോണ്‍ഗ്രസിന് അതു ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആം ആദ്മി പഞ്ചാബിലും കോണ്‍ഗ്രസിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കയാണ്. അതേസമയം കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുഖ്യമന്ത്രിമാരുടെ നിരയില്‍ അരവിന്ദ് കെജ്‌രിവാളുമുണ്ടായിരുന്നു.
ആം ആദ്മി സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകള്‍ സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും ലഫ്. ഗവര്‍ണറിലൂടെയും ഐ എ എസ് ഉദ്യോഗസ്ഥര്‍ മുഖേനയും ഡല്‍ഹിയില്‍ മോദിസര്‍ക്കാര്‍ രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചിരിക്കുകയാണെന്നുമാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയെങ്കില്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുകയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഡല്‍ഹി സര്‍ക്കാര്‍ മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെയെല്ലാം സര്‍ക്കാറുകള്‍ മൊത്തം നേരിടുന്ന പ്രശ്‌നമാണ് കെജ്‌രിവാള്‍ ഉന്നയിക്കുന്നത്. സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ അവഗണിച്ചു ബി ജെ പിയുടെ രാഷട്രീയ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കുകയാണ് മറ്റു കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദി സര്‍ക്കാര്‍. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണറോ രാഷ്ട്രപതിയോ ഒപ്പിടാതിരിക്കുക തുടങ്ങി ഫെഡറലിസത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ നെറികേടുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 80-20 എന്ന അനുപാതത്തിലായിരുന്നത് അടുത്തകാലത്ത് 60-40 ആയി വെട്ടിക്കുറച്ചു. വിഭവങ്ങളുടെ വീതം വെക്കലിനു മാനദണ്ഡങ്ങളും വിഹിതവും നിശ്ചയിക്കാന്‍ സ്ഥാപിതമായ കേന്ദ്രധനക്കമ്മീഷന്റെ തീരുമാനങ്ങളും കേന്ദ്രം പലപ്പോഴും ലംഘിക്കുന്നു.1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചുകൊണ്ട് പ്രാബല്യത്തില്‍ വരുത്തിയ ജനാധിപത്യപരമായ വികേന്ദ്രീകരണത്തിന്റെ സാധ്യത ഇല്ലാതാക്കുകയാണ് ഇതെല്ലാം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് ഫെഡറല്‍ സംവിധാനം.

രാജ്യത്ത് ബഹുസ്വരത നിലനില്‍ക്കുന്നത് ഫെഡറലിസത്തിന്റെ കരുത്തിലാണ്. എന്നാല്‍, സാംസ്‌കാരിക വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അംഗീകരിക്കാത്തവരാണ് മോദി സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ്. ഭരണഘടനയിലെ ഫെഡറല്‍ വ്യവസ്ഥകള്‍ ഇല്ലാതാക്കി കേന്ദ്രീകൃതഭരണം നടപ്പാക്കാനുള്ള നീക്കങ്ങളാണ് അണിയറക്ക് പിന്നില്‍ അവര്‍ നടത്തി വരുന്നത്. കെജ്‌രിവാളിന്റെ സമരത്തിന് രാഷ്ട്രീയ പിന്തുണ വര്‍ധിച്ചുവരുന്നതിന്റെയും വിഘടിച്ചു നില്‍ക്കുന്ന കക്ഷികള്‍ പോലും പിന്തുണയുമായി എത്തുന്നതിന്റെയും പശ്ചാത്തലമിതാണ്.