കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരന്തം: തിരച്ചില്‍ തുടരുന്നു; റഡാര്‍ സ്‌കാനര്‍ സംവിധാനം ഉപയോഗിക്കും

Posted on: June 17, 2018 10:10 am | Last updated: June 17, 2018 at 1:12 pm

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍ മരിച്ച ഹസന്റെ ഭാര്യ ആസ്യ, അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനായി റഡാര്‍ സ്‌കാനര്‍ സംവിധാനം ഉപയോഗിക്കുമെന്നും വിദഗ്ധസംഘം ഇന്നെത്തുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. തിരച്ചില്‍ ശക്തമായി നടക്കുന്നുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വേണ്ടിയാണ് റഡാര്‍ സ്‌കാനര്‍ ഉപയോഗിക്കുക. ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് പരിശോധനക്ക് ശേഷമേ മനസ്സിലാക്കാന്‍ കഴിയൂയെന്നും ഇവര്‍ക്ക് ജോലി ചെയ്യാനുള്ള ക്രമീകരണങ്ങള്‍ തസഹില്‍ദാരുടെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ പതിനാല് പേരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ ഉമ്മിണി അബ്ദുര്‍റഹ്മാന്‍ (60), മകന്‍ ജഅ്ഫര്‍ (38), ജഅ്ഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), അയല്‍വാസികളായ കരിഞ്ചോലയില്‍ ഹസന്‍ (75), മകള്‍ ജന്നത്ത് (17), കരിഞ്ചോലയില്‍ സലീമിന്റെയും സറീനയുടെയും മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ശഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യ ദിവസം കണ്ടെത്തിയത്. ഹസന്റെ മറ്റൊരു മകളും കൊട്ടാരക്കോത്ത് തെയ്യപ്പാറക്കല്‍ സുബീറിന്റെ ഭാര്യയുമായ നുസ്‌റത്ത് (25), മൂത്ത മകള്‍ റിന്‍ഷ മെഹറിന്‍ (നാല്), ഹസന്റെ മകന്‍ മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (24), ഷംനയുടെ മകള്‍ നിയ ഫാത്വിമ (മൂന്ന്) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. നുസ്‌റത്തിന്റെ ഒരു വയസ്സുകാരിയായ മകള്‍ റിസ്‌വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. നുസ്‌റത്തിന്റെയും മക്കളുടെയും മയ്യിത്ത് കൊട്ടാരക്കോത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഷംനയുടെയും മകള്‍ നിയ ഫാത്വിമയുടെയും മയ്യിത്ത് വെട്ടിഒഴിഞ്ഞ തോട്ടം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.

സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകള്‍ സംയുക്തമായി വിവിധ പ്രദേശങ്ങളിലാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ഡോഗ് സ്‌ക്വാഡ്, ഹെലി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കൂടുതല്‍ ഹിറ്റാച്ചികളും തിരച്ചിലിനായി എത്തിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന നാല്‍പ്പതംഗ ദുരന്ത നിവാരണ സേനക്കു പുറമെ നാല്‍പ്പത് പേരടങ്ങിയ രണ്ടാമത്തെ സംഘവും ഇന്നലെ തിരച്ചിലിന് എത്തി.