Connect with us

Kerala

പാലക്കാട് ഐ ഐ ടിക്ക് ഭൂമി കൈമാറും

Published

|

Last Updated

തിരുവനന്തപുരം: പാലക്കാട്ടെ ഐ ഐ ടിക്കായി കണ്ടെത്തിയ ഭൂമി കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്ടര്‍ റവന്യൂ ഭൂമിയാണ് നല്‍കുക. ഇടക്കിടെ രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുന്ന കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും മലപ്പുറം ജില്ലയില്‍ താനൂരും പുതിയ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 40 വീതം തസ്തികകള്‍ സൃഷ്ടിക്കും. ഇതോടെ 80 പോലീസുകാരെ കൂടി പുതുതായി റിക്രൂട്ട് ചെയ്യാന്‍ കളമൊരുങ്ങും.

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇടുക്കി വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് റവന്യൂ വകുപ്പിന്റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി നല്‍കുക.

ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനവും വിരമിച്ച ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സൂപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. അഞ്ച് ജവഹര്‍ ബാലഭവനുകളിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.