ലോകം ഇന്ന് മുതല്‍ പന്തിന് പിറകേ

ഉദ്ഘാടന മത്സരം രാത്രി 8.30ന്
Posted on: June 14, 2018 6:01 am | Last updated: June 14, 2018 at 11:31 am

മോസ്‌കോ: ഇനിയുള്ള ഒരു മാസക്കാലം ലോകം ചലിക്കുക കാല്‍പ്പന്തുകളിയുടെ താളത്തില്‍. വോള്‍ഗയുടെ തീരം ഇളക്കിവിടുന്ന ആവേശത്തിന്റെ അലയൊലികള്‍ കാസ്പിയന്‍ കടലും കടന്ന് വന്‍കരകള്‍ കീഴടക്കും.

മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിന് 21ാമത് ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. അര മണിക്കൂര്‍ നീളുന്ന വര്‍ണാഭമായ ചടങ്ങുകള്‍ക്ക് ശേഷം 8.30ന് അതേ സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും സഊദി അറേബ്യയും ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ മഹാമേളയിലേക്ക് ലോകം ആവാഹിക്കപ്പെടും.

210 രാജ്യങ്ങള്‍ 872 മാച്ചുകളില്‍ മാറ്റുരച്ച് കുറുക്കിയെടുത്ത 32 ടീമുകളാണ് എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കുക. ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, റഷ്യ, പെറു, മൊറോക്കോ, ഇംഗ്ലണ്ട്, കൊളമ്പിയ, നൈജീരിയ, കോസ്റ്റാറിക്ക, സെര്‍ബിയ, സഊദി അറേബ്യ, സ്‌പെയിന്‍, ആസ്ത്രിയ, സെനഗല്‍, ദക്ഷിണ കൊറിയ, ഇറാന്‍, ഡെന്മാര്‍ക്ക്, സ്വീഡന്‍, ജപ്പാന്‍, ക്രൊയേഷ്യ, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ടുണീഷ്യ, പാനമ, ഉറുഗ്വെ, ഈജിപ്ത്, ഐസ്‌ലാന്‍ഡ് എന്നിവരാണ് യോഗ്യത നേടിയ ടീമുകള്‍. നാല് തവണ ജേതാക്കളായ ഇറ്റലിയും നെതര്‍ലാന്‍ഡും യോഗ്യത നേടിയില്ലെന്നതാണ് വലിയ നഷ്ടം.

25 ദിവസങ്ങളിലായി 64 മാച്ചുകളാണ് ലോകം കാത്തിരിക്കുന്നത്. റഷ്യയിലെ 11 നഗരങ്ങളില്‍ 12 സ്റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍. ഉദ്ഘാടന മത്സരം നടക്കുന്ന ലുഷ്‌നികി സ്റ്റേഡിയത്തില്‍ തന്നെയാണ് ജൂലൈ അഞ്ചിന് ഫൈനല്‍ അരങ്ങേറുക. എണ്‍പതിനായിരം ഫുട്‌ബോള്‍ പ്രേമികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ലുഷ്‌നികി. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഈ മാസം 30നാണ് തുടങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ ആറിന് ആരംഭിക്കും. ജൂലൈ പത്ത്, പതിനൊന്ന് തീയതികളിലാണ് സെമി ഫൈനലുകള്‍. ലൂസേഴ്‌സ് ഫൈനല്‍ 14ന് നടക്കും. ജൂലൈ 15ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ അലിഞ്ഞുചേര്‍ന്ന പതിനായിരങ്ങളെയും ലോകം മുഴുവന്‍ അലയടിക്കുന്ന ആവേശകോടികളെയും സാക്ഷിനിര്‍ത്തി വിജയികള്‍ കപ്പുയര്‍ത്തുന്നതോടെ ഫുട്‌ബോള്‍ മഹാമേളക്ക് സമാപനമാകും.

ഉദ്ഘാടന ചടങ്ങുകള്‍ അര മണിക്കൂറില്‍ പരിമിതപ്പെടുത്തി ഏറെ വര്‍ണാഭമാക്കാനാണ് തീരുമാനം. ഗായകരും നര്‍ത്തകരും കായിക താരങ്ങളും ഉള്‍പ്പെടെ അഞ്ഞൂറോളം പേരാകും പോപ് ഗായകന്‍ റോബി വില്യംസിന്റെയും റഷ്യന്‍ ഗായിക എയ്ഡ ഗരിഫുല്ലിനയുടെയും നേതൃത്തില്‍ ചടങ്ങ് കൊഴുപ്പിക്കുക.