എയര്‍ഇന്ത്യയെ പൂര്‍ണമായി വിറ്റൊഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു?

Posted on: June 12, 2018 10:01 pm | Last updated: June 13, 2018 at 10:01 am

ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ പൂര്‍ണമായി വിറ്റൊഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുമന്ന സൂചനയാണ് കേന്ദ്ര സാമ്പത്തിക കാര്യ സെക്ടട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് നല്‍കിയത്.

നേരത്തെ കുറച്ച് ഓഹരികള്‍ കൈവശം വെച്ച് നിയന്ത്രണം കൈമാറുന്ന തരത്തില്‍ ഓഹരിവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ഓഹരികള്‍ വാങ്ങുന്നതിനായി ആരും മുന്നോട്ട് വരാത്തതിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നുവച്ച് കമ്പനിയുടെ 24 ശതമാനം ഓഹരി ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 48,000 കോടി രൂപയുടെ കടബാധ്യതകളുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇതില്‍ 76 ശതമാനം വിറ്റഴിക്കാനാണ് നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം നേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കമ്പനിയുടെ ഉപ ബ്രാന്‍ഡുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ ഓഹരികളും വിറ്റഴിക്കാനായിരുന്നു പദ്ധതി. ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നിവ എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, താത്പര്യപത്രം ക്ഷണിക്കുന്നതിന് മുമ്പേ ഇരു കമ്പനികളും പിന്മാറുകയായിരുന്നു.