Connect with us

Gulf

സായിദ് ജീവകാരുണ്യ ദിനം; ശൈഖ് സായിദ് മസ്ജിദില്‍ പ്രാര്‍ഥനാ ചടങ്ങ്

Published

|

Last Updated

അബുദാബി: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന് പ്രണാമമേകിയുള്ള സായിദ് ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധി ആളുകള്‍ പങ്കെടുത്തു. പ്രസിഡന്‍ഷ്യല്‍ മന്ത്രാലയത്തിന്റെ ഔഖാഫ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ശൈഖ് അബ്ദല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നഹ്‌യാന്‍, ഔഖാഫ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅബി, നയതന്ത്രപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി എന്നിവരുള്‍പെടെയുള്ള നിരവധി പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

മഹാനായ ശൈഖ് സായിദ് തുടക്കമിട്ട വഴികളിലൂടെയാണ് രാജ്യം ഇന്ന് സഞ്ചരിക്കുന്നതെന്ന് ചടങ്ങില്‍ മുഹമ്മദ് മതാര്‍ അല്‍ കഅബി പറഞ്ഞു. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഉത്തമ മാതൃകയായിരുന്നു ശൈഖ് സായിദ്. രാഷ്ട്രസേവനത്തിന് സ്വയം സമര്‍പിച്ച ശൈഖ് സായിദ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യം, ജീവകാരുണ്യം, അടിസ്ഥാന വികസനം എന്നീ മേഖലകളില്‍ എണ്ണമറ്റ സംഭാവനകളാണ് നല്‍കിയത്. ലോക രാജ്യങ്ങളുടെ ഇടയില്‍ യു എ ഇക്ക് ഇന്ന് ലഭിക്കുന്ന പ്രാധാന്യത്തിന്റെ മുഖ്യകാരണം ശക്തമായതും സുദൃഢമായതുമായ രാഷ്ട്രനിര്‍മാണത്തിനാണ് ശൈഖ് സായിദ് ആരംഭം കുറിച്ചത് എന്നുള്ളതു കൊണ്ടാണ്. വരുന്ന തലമുറകള്‍ക്കെല്ലാം ശൈഖ് സായ്ദ് എന്ന മഹാനായ രാഷ്ട്രത്തലവന്റെ ജീവചരിത്രം ഒരു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൈഖ് സായിദ് ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.