ജസ്‌നയുടെ തിരോധാനം: അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍

Posted on: June 5, 2018 6:07 am | Last updated: June 4, 2018 at 11:50 pm

തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ തിരുവനന്തപുരം റേഞ്ച് ഐ ജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധരും വനിതാ പോലീസ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ സ്‌പെഷ്യല്‍ പോലീസ് ടീം കേസന്വേഷണം ഊര്‍ജിതമായി നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ നല്‍കി അന്വേഷണം നടത്തിയ കേസില്‍ ബെംഗളൂരു, മൈസൂര്‍, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ജസ്‌ന വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയുന്നതിന് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിവരുന്നു. മാര്‍ച്ച് 22നാണ് പത്തനംതിട്ട സന്തോഷ്‌കവല ഒമ്പതാം കോളനിയില്‍ ജയിംസിന്റെ മകള്‍ ജസ്‌നയെ കാണാനില്ലെന്ന പരാതിയില്‍ വെച്ചൂച്ചിറ പോലീസ് കേസെടുത്തത്.