Connect with us

Kerala

എന്നെ ആരും കൊണ്ടുപോകരുത്; കെവിന്റെ വീട്ടില്‍തന്നെ താമസിക്കും: നീനു

Published

|

Last Updated

കോട്ടയം: കെവിന്റെ കൊലപാതകത്തിന് പിന്നില്‍ തന്റെ മാതാപിതാക്കളാണെന്ന് നീനു. കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്നും നീനു ഉറച്ചുപറഞ്ഞു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കെവിന്റെ കൂടെ ജീവിക്കുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇനി പോകില്ല. ഇവിടെ നിന്ന് ആരും തന്നെ കൊണ്ടുപോകരുത്. നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്റെ ഭാര്യയാണെന്നും കെവിന്റെ വീട്ടില്‍തന്നെ നില്‍ക്കുമെന്നും നീനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെവിന്റെ കൊലപാതകത്തില്‍ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നത്. 24ാം തീയതിയാണ് കെവിനുമായുള്ള പ്രണയം വീട്ടുകാരെ അറിയിച്ചത്. അതിന് മുമ്പ് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. പരീക്ഷയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം വീട്ടുകാരെ അറിയിച്ചു.
കെവിന്റെ സാമ്പത്തികസ്ഥിതി ചൂണ്ടിക്കാട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പിടിയിലായ നിയാസും മറ്റ് ബന്ധുക്കളും ബന്ധമൊഴിയണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നും നിയാസ് ഭീഷണിപ്പെടുത്തി. തന്റെ പിതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് കെവിനെ വിളിപ്പിച്ചത്. എന്നാല്‍, തിരക്കിയപ്പോള്‍ അങ്ങനെയില്ലെന്ന് അറിഞ്ഞു.

തന്റെ മാതാ പിതാക്കള്‍ അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യുമെന്നും നീനു ചോദിക്കുന്നു. കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കള്‍ നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. കെവിനെ അപായപ്പെടുത്തുമെന്ന ഭയമുണ്ടായിരുന്നതിനാലാണ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയത്. കരഞ്ഞു പറഞ്ഞിട്ടും പോലിസുദ്യോഗസ്ഥന്‍ അവിടെ ഫോണ്‍ ചെയ്തിരിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ് ഐ ചോദിച്ചത്. എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല പൊട്ടിക്കരഞ്ഞുകൊണ്ട് നീനു പറയുന്നു.

പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെന്ന വിവരം നല്‍കിയിട്ടും എസ് ഐ മുഖവിലക്കെടുത്തില്ലെന്ന് കെവിന്റെ പിതാവ് ജോസഫും പ്രതികരിച്ചു.

Latest