റാമോസിനെതിരെ നടപടി ഇല്ല

Posted on: May 30, 2018 6:09 am | Last updated: May 30, 2018 at 1:04 am

നൈയോണ്‍: റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെതിരെ യുവേഫയുടെ അച്ചടക്ക നടപടി ഉണ്ടാകില്ല. ലിവര്‍പൂള്‍ ഗോളി ലോറിയസ് കാര്യസിനെ കൈകൊണ്ട് ഇടിച്ചതില്‍ നിന്നുള്ള നടപടിയില്‍ നിന്നാണ് റയല്‍ ക്യാപ്റ്റന്‍ രക്ഷപ്പെട്ടത്. മുഹമ്മദ് സലാകെതിരെ ഫൗള്‍ ചെയ്ത റാമോസിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് യുവേഫയുടെ നടപടി.

റഫറി കാണാത്ത ഫൗളുകളില്‍ വീഡിയോ പരിശോധിച്ച് അച്ചടക്ക നടപടി എടുക്കുന്നത് റാമോസ് കാരിയസ് വിഷയത്തില്‍ ബാധകമല്ല എന്നാണ് യുവേഫ അറിയിച്ചത്. കളിക്കിടയില്‍ നടക്കുന്ന അങ്ങേയറ്റം മോശം ഫൗളുകള്‍ക്ക് മാത്രമാണ് യുവേഫ വീഡിയോ പരിശോധന നടത്തി നടപടി എടുക്കൂ.

സലായെ ഫൗള്‍ ചെയ്തത് വിവാദമായ ശേഷമാണ് റാമോസിന്റെ ഈ ഫൗള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നതും യുവേഫയുടെ ശ്രദ്ധയില്‍പ്പെട്ടതും.

അതിനിടെ, സാലയുടെ ഷോള്‍ഡറിന് പരുക്കേല്‍പ്പിച്ചതിന് റാമോസിനെതിരെ നൂറ് കോടിയുടെ നഷ്ട പരിഹാരക്കേസ് ഫയല്‍ ചെയ്യുമെന്ന് ഈജിപത് ടീമിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. ഫിഫയില്‍ പരാതിയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.