ആ വലിയ ദുരൂഹതക്ക് ഉത്തരമായില്ല; എം എച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

Posted on: May 30, 2018 6:13 am | Last updated: May 30, 2018 at 12:16 am

ജക്കാര്‍ത്ത: നാല് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യയുടെ എം എച്ച് 370 വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി ഈ സംഭവം അവശേഷിപ്പിച്ചു കൊണ്ടാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നത്. ക്വലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെ 2014 മാര്‍ച്ചിനാണ് എം എച്ച് 370 ദൂരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. വിമാനത്തിലെ യാത്രക്കാരായ 239 പേരെ കുറിച്ചും ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ സമുദ്രത്തിലും കരയിലും വര്‍ഷങ്ങളായി തിരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍ ഇതുവരെയും വിമാനം എവിടെ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും ആയിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടുമില്ല. സമുദ്രത്തില്‍ 1,20,000 കിലോമീറ്റര്‍ സ്‌ക്വയറില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം ശൂന്യമായിരുന്നു.

ആസ്‌ത്രേലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചില്‍ പ്രക്രിയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ തിരച്ചില്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യു എസ് പ്രത്യേക തിരച്ചില്‍ സംഘവുമായി മലേഷ്യ വീണ്ടും കരാറിലെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എം എച്ച് 370വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയാല്‍ മാത്രമേ തിരച്ചില്‍ നടത്തിയതിനുള്ള ചെലവ് നല്‍കൂ എന്ന ഉപാധിയും മലേഷ്യ വെച്ചിരുന്നു. ലോകത്തെ ഏറ്റവും അത്യാധുനികമായ തിരച്ചില്‍ ഉപകരണങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് കമ്പനി മലേഷ്യയെ അറിയിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ 25,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയിലായിരുന്നു സംഘം അരിച്ചുപെറുക്കിയത്. സമുദ്രത്തിനുള്ളില്‍ ആറായിരം മീറ്റര്‍ വരെ ആഴത്തില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന അത്യാധുനികമായ എട്ട് ഓട്ടോമാറ്റിക് ഡ്രോണുകളും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

വിമാനം കാണാതായതിനെ സംബന്ധിച്ച് വിചിത്രമായ പല കണ്ടെത്തുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാ കണ്ടെത്തലുകളെയും അപ്രസക്തമാക്കി ആര്‍ക്കും പിടിതരാതെ വ്യോമയാന ചരിത്രത്തില്‍ അവശേഷിക്കുകയാണ് എം എച്ച് 370ന്റെ തിരോധാനം.