Connect with us

Gulf

നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍ക്ക് കാര്‍ഷിക ശില്‍പശാല

Published

|

Last Updated

ദിവ കാര്‍ഷിക ശില്‍പശാലയില്‍ നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍

ദുബൈ: മണ്ണ് നീക്കി കുഴിയെടുത്ത് ഉത്സാഹത്തോടെ തൈകള്‍ നട്ട് നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഒരുക്കിയ കാര്‍ഷിക ശില്‍പശാലയിലാണ് റാശിദ് ഡിറ്റര്‍മിനേഷന്‍ സെന്ററിലെ കുട്ടികള്‍ കൃഷിയെ തൊട്ടറിഞ്ഞത്. ഓര്‍ഗാനിക് കൃഷിക്കായുള്ള ഹരിതഭവനങ്ങളൊരുക്കല്‍, കാലാവസ്ഥക്കനുസരിച്ച് മണ്ണ് നീക്കല്‍, കൃഷിക്കായി ജലശൃംഖലകള്‍ അഭിവൃദ്ധിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ശില്‍പശാലയില്‍ ഉള്‍കൊള്ളിച്ചിരുന്നു. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതിയായ ഹൈഡ്രോപോണിക് സിസ്റ്റവും അവതരിപ്പിച്ചു.

നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികളെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്താന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദേശീയ നയത്തിന്റെ ചുവടു പിടിച്ചാണ് ദിവ കുട്ടികള്‍ക്ക് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചത്. 2018ലെ ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്യൂപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഫ്രണ്ട്‌ലി ഗവണ്‍മെന്റ് എന്റൈറ്റി അവാര്‍ഡ് ദിവ നേടിയിരുന്നു.