പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കെവിന്റെ ഭാര്യ നീനു

Posted on: May 29, 2018 9:45 am | Last updated: May 29, 2018 at 8:01 pm

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പിടിയിലായ നിയാസ് തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നീനുവിന്റെ വെളിപ്പെടുത്തല്‍. കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിന്‍ കൊല്ലപ്പെട്ടതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു.

കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ബന്ധത്തില്‍നിന്നും പിന്‍മാറണമെന്ന് തന്നോട് മാതാപിതാക്കള്‍ പല തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് നീനു പറഞ്ഞു. ഇപ്പോള്‍ പിടിയിലായ നിയാസും മറ്റ് ബന്ധുക്കളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. വിവാഹത്തില്‍നിന്നും പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് നിയാസ് ഭീഷണിപ്പെടുത്തിയിരുന്നു.

കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കള്‍ നടക്കുന്നതായി തനിക്ക് വിവരമുണ്ടായിരുന്നു. കെവിനെ അപായപ്പെടുത്തുമെന്ന ഭയമുള്ളതിനാലാണ് ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പോയത്. കരഞ്ഞു പറഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും നീനു പറഞ്ഞു.