Connect with us

National

സുനന്ദാ പുഷ്‌കറിന്റെ ആത്മഹത്യ: തരൂരിന്റെ പങ്കിന് തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പങ്കിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ്. ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മരണം ഇച്ഛിക്കുന്നുവെന്നും കാട്ടി സുനന്ദ ശശി തരൂരിന് അയച്ച ഇ-മെയില്‍ സന്ദേശം ആത്മഹത്യ പ്രേരണക്ക് തെളിവാണെന്നും ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.

സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ ഇന്നലെ പരിഗണിക്കുന്നതിടെയാണ് ഡല്‍ഹി പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. തരൂര്‍ സുനന്ദയോട് ക്രൂരത കാട്ടിയതിന് എല്ലാ തെളിവുകളുമുണ്ടെന്നും സമന്‍സ് അയക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍, തരൂരിന് എതിരായ കുറ്റപത്രം അംഗീകരിക്കുന്നതില്‍ അടുത്ത മാസം അഞ്ചിന് കോടതി ഉത്തരവ് ഇറക്കും. കേസില്‍ സമന്‍സ് അയച്ച് തരൂരിനെ വിളിച്ചുവരുത്തണമെന്ന് ഡല്‍ഹി പോലീസിന്റെ ആവശ്യത്തിലും കോടതി അന്ന് തീരുമാനമെടുക്കും.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുനന്ദയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള വാദങ്ങളാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്നലെ നിരത്തിയത്. കുറ്റപത്രം സ്വീകരിച്ച് തരൂരിന് സമന്‍സ് അയക്കണമെന്നും തരൂരിനെതിരെ ഇ-മെയില്‍ സന്ദേശമടക്കമുള്ള ശക്തമായ തെളിവുകളുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 113എ വകുപ്പ് പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ പ്രഥമ ദൃഷ്ട്യാ ലഭ്യമായ തെളിവുകള്‍ പരിഗണിച്ച് കോടതിക്ക് തരൂരിന് എതിരെ നടപടിയെടുക്കാം എന്നും ഡല്‍ഹി പോലീസ് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കേസില്‍ എന്താണ് നടക്കുന്നതെന്ന് അറിയിക്കണമെന്ന തരൂരിന്റെ അഭിഭാഷകയുടെ ആവശ്യം ഡല്‍ഹി പോലീസ് എതിര്‍ത്തു.
തരൂരും സുനന്ദയും തമ്മിലുള്ള വിവാഹം നടന്ന് മൂന്ന് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞപ്പോഴാണ് ആത്മഹത്യ നടന്നത്.